മലയാലപ്പുഴ: ലോക്ക് ഡൗൺ മൂലം റബ്ബർ തോട്ടങ്ങൾ തുറക്കാത്തത് കർഷകരെയും തൊഴിലാളികളെയും ദുരിതത്തിലാക്കി. മലയോര മേഖലയിലെ വൻകിട റബ്ബർത്തോട്ടങ്ങളിൽ വേനൽമഴ ലഭിച്ചു തുടങ്ങിയാൽ ടാപ്പിംഗ് ആരംഭിക്കുമെങ്കിലും ഇത്തവണ തോട്ടങ്ങൾ തുറന്നിട്ടില്ല. തേയില, കാപ്പി തോട്ടങ്ങൾക്ക് നിയന്ത്രണങ്ങളോടെയാണ് പ്രവർത്തനം തുടങ്ങാൻ അനുമതി നൽകിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൊഴിലാളികൾ തമ്മിലുള്ള അകലവും നിഷ്‌കർഷിച്ചിട്ടുണ്ട്. റബ്ബർ ടാപ്പിംഗ് ജോലികളിൽ തൊഴിലാളികൾ തമ്മിൽ എപ്പോഴും അകലമുണ്ട്. തോട്ടങ്ങളിൽ ഒരു തൊഴിലാളി ടാപ്പ് ചെയ്യുന്നത് രണ്ടര ഏക്കറിലെ റബ്ബർ മരങ്ങളാണ്. മരങ്ങളിൽ റെയിൻ ഗാർഡ് വച്ചുപിടിപ്പിക്കേണ്ട സമയവും ഇപ്പോഴാണ്. റെയിൻ ഗാർഡ് വയ്ക്കാതിരുന്നാൽ പൂപ്പൽ മൂലം അടുത്ത വർഷത്തെ ഉത്പാദനത്തിൽ കുറവ് വരും. റെയിൽ ഗാർഡ് ജോലികൾക്ക് ഹെക്ടറിൽ 4 തൊഴിലാളികൾ മതി, റബ്ബർ പാൽ അളക്കുന്ന ഷെഡുകളിലും ആളുകൾ കൂട്ടം കൂടുന്നില്ല.

ലോക്ക് ഡൗണിനെ തുടർന്ന് റബ്ബറിന്റെ ഉപഭോഗത്തിൽ 2 ലക്ഷം ടണ്ണിന് മുകളിലാണ് സംസ്ഥാനത്ത് കുറവുണ്ടായിരിക്കുന്നത്. ടയർ കമ്പനികൾ റബ്ബർ വാങ്ങിയാൽ മാത്രമേ വ്യാപാരികൾക്ക് കർഷകരിൽ നിന്ന് റബ്ബർ സംഭരിക്കാൻ കഴിയൂ. 700 കോടി രൂപയുടെ റബ്ബർ സ്റ്റോക്കാണ് സംസ്ഥാനത്തെ വ്യാപാരികളുടെ കൈവശമുള്ളത്. ഒരു വർഷത്തെ മൊത്തം റബ്ബർ ഉത്പാദനത്തിന്റെ 8 ശതമാനം വരെ ഏപ്രിൽ, മെയ് മാസങ്ങളിലാണ് നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റിയയച്ച ലോഡുകളിൽ പലതും ലോക്ക് ഡൗൺ മൂലം പാതിവഴിയിലാണ്. എം.ആർ.എഫ് ടയർ കമ്പനികളുടെ മുൻപിൽ 70 ലോഡ് റബ്ബർ ഇറക്കാൻ കഴിയാതെ കിടക്കുന്നു.

മഴ ലഭിച്ചു തുടങ്ങിയതോടെ മലയോരമേഖലയിലെ ചെറുകിട റബ്ബർ കർഷകരിൽ പലരും ടാപ്പിംഗ് തുടങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിലെയും കർണ്ണാടകയിലെയും റബ്ബർ തോട്ടങ്ങളിൽ ടാപ്പിംഗ് പുന:രാരംഭിക്കാൻ അനുമതി ലഭിച്ചു.

ലോക്ക് ഡൗൺ തുടങ്ങിയതിന് ശേഷം ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ചെങ്ങറ, കല്ലേലി തോട്ടങ്ങളും ,പ്ലാന്റഷൻ കോർപ്പറേഷന്റെ തണ്ണിത്തോട് എസ്റ്റേറ്റും എ.വി.ടിയുടെ കൂടൽ രാജഗിരി തോട്ടവും മറ്റ് ചെറുകിട തോട്ടങ്ങളും അടഞ്ഞുകിടക്കുകയാണ്.