പത്തനംതിട്ട : റേഷൻ കടകളിലൂടെ ഈ മാസം ആദ്യം ആരംഭിച്ച സൗജന്യ റേഷൻ വിതരണം 3,33,664 കാർഡ് ഉടമകൾ (97.6 ശതമാനം) കൈപ്പറ്റി. ഇതിൽ 84,783 കുടുംബങ്ങൾ, പോർട്ടബിലിറ്റി സൗകര്യം ഉപയോഗപ്പെടുത്തി. കൊവിഡ് 19 മായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്ന് പ്രധാൻമന്ത്രി ഗരീബ് കല്യാൺയോജന (പി.എം.ജി.കെ.വൈ) പദ്ധതിയിൽ മുൻഗണനാ കാർഡുകൾക്ക് മാത്രമായി കേന്ദ്രം അനുവദിച്ച അരി ഇന്നു മുതൽ 30 വരെ റേഷൻ കടകളിലൂടെ ലഭ്യമാകും. മഞ്ഞ, പിങ്ക് കാർഡുകൾക്ക് മാത്രമേ ഇത് കിട്ടൂ. ആളൊന്നിന് അഞ്ചു കിലോഗ്രാം അരിയാണ് ഈ കാർഡുടമകൾക്ക് സൗജന്യമായി ലഭിക്കുക. എ.എ.വൈ കാർഡുകൾക്കും അംഗങ്ങളുടെ എണ്ണമായിരിക്കും പരിഗണിക്കുക. റേഷൻകടകളിലെ തിരക്ക് ഒഴിവാക്കുന്നതിന് വിതരണം താഴെ പറയുംപ്രകാരം ക്രമീകരിച്ചിട്ടുണ്ട്: ഇന്നും നാളെയും എ.എ.വൈ കാർഡുകൾക്ക് (മഞ്ഞ) മാത്രം. 22 മുതൽ 30 വരെ പി.എച്ച്.എച്ച് (പിങ്ക്) കാർഡുകാർക്കാണ്.


പിങ്ക് കാർഡുകാരുടെ റേഷൻ വിതരണം,

തീയതിയും കാർഡിന്റെ അവസാന നമ്പരും

22ന് (1), 23ന് (2), 24ന് (3), 25ന് (4), 26ന് (5), 27ന് (6), 28ന് (7),

29ന് (8), 30ന് (9,0).

*മുൻഗണന കാർഡുകൾക്കുള്ള (പിങ്ക് കാർഡ്) സൗജന്യ പലവ്യഞ്ജനക്കിറ്റ് വിതരണം 22 മുതൽ റേഷൻകടകൾ വഴി തുടങ്ങുകയാണ്. സപ്ലൈകൊയുടെ പായ്ക്കിംഗ് യൂണിറ്റുകളിൽ കിറ്റ് നിർമാണം പൂർത്തിയാകാറായി. വിതരണം ഇപോസ് മെഷീൻവഴിയാണ്. ലോക്ഡൗൺമൂലം സ്വന്തം റേഷൻ കടയിൽ നിന്ന് കിറ്റ് വാങ്ങാനാകാത്തവർക്ക് പ്രത്യേക സത്യവാങ്മൂലം തയാറാക്കി ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ വാർഡ് മെമ്പർ/ കൗൺസിലർ സാക്ഷ്യപ്പെടുത്തി അടുത്തുള്ള റേഷൻകടയിൽ നിന്ന് കിറ്റ് വാങ്ങാം. സത്യവാങ്മൂലം 21ന് മുമ്പ് സമർപ്പിക്കണം. നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും റേഷൻകടകളിൽ പാലിക്കണം. നിശ്ചിത അകലത്തിൽ അഞ്ചു പേരെ മാത്രമേ കടയുടെ മുമ്പിൽ അനുവദിക്കുകയുള്ളൂ. തിരക്കുണ്ടായാൽ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തും.