മല്ലപ്പള്ളി: കൊറോണാ ബാധിച്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ മരിച്ച ആനിക്കാട് മാരിക്കൽ കൊച്ചിക്കുഴിയിൽ മാമ്മൻ ഈപ്പന്റെ (ബാബു - 59) സംസ്‌കാരം ഇന്ന് അവിടെ നടക്കും. ഇന്ത്യൻ സമയം രാത്രി 8.30ന് സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും. സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ കീഴിലുള്ള ന്യൂജേഴ്‌സി എലിസബേത്ത് ഇമ്മാനുവേൽ ഇടവകപള്ളിയിൽ അന്ത്യകർമ്മങ്ങൾക്ക് ശേഷം കെനിൽവൃത്ത് ക്രിസ്ത്യൻ ഫ്യൂണറൽ ഹോമിൽ സംസ്‌കരിക്കും. കോവിഡ് തീവ്രത അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് സംസ്‌കാരം ക്രമീകരിച്ചിട്ടുള്ളത്. ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ഫ്യൂണറൽ ഹോം അധികൃതർക്ക് കൈമാറി. ചടങ്ങുകളിൽ പങ്കെടുക്കാൻ മൂന്നുപേർക്ക് മാത്രമാണ് അധികൃതർ അനുവാദം നൽകിയിട്ടുള്ളത്. മഞ്ഞത്താനം കൊച്ചിക്കുഴി പരേതരായ ഈപ്പന്റെയും ശോശാമ്മയുടെയും മകനാണ്. 35 വർഷത്തോളമായി പ്രവാസിയാണ്. വോളീബോൾ താരവും യൂണിവേഴ്‌സിറ്റി ടീമിലെ അംഗവുമായിരുന്നു. ഭാര്യ : പുല്ലാട് വല്ല്യത്ത് കുടുംബാഗം ഉഷ. ഏകമകൻ ജെറി. ഡെയ്‌സി പണിക്കർ, അന്നമ്മ സഖറിയ, സൂസി സഖറിയ, സിസി അനിയൻ ജോർജ്ജ്, തോമസ് ഈപ്പൻ, ജോൺസൻ ഈപ്പൻ എന്നിവർ സഹോദരങ്ങളും അമേരിക്കൻ മലയാളി സംഘടനയായ ഫോമയുടെ പ്രസിഡന്റായിരുന്ന അനിയൻ ജോർജ്ജ് സഹോദരീ ഭർത്താവുമാണ്. ഭാര്യയും മകനും രോഗബാധിതരായിരുന്നെങ്കിലും ഭേദമായിവരുന്നതായി ബന്ധുക്കൾ പറഞ്ഞു.