കാരക്കാട്: ദിവസങ്ങളോളം കൊവിഡ് 19 നിരീക്ഷണത്തിൽ കഴിയേണ്ടിവന്ന കുടുംബത്തിന് അർഹതപ്പെട്ട കിറ്റ് കിട്ടിയില്ലെന്ന് പരാതി. കാരക്കാട് ഓട്ടോഡ്രൈവറായ പൊയ്കയിൽ തെക്കേക്കര വീട്ടിൽ വിനോദിനും കുടുംബത്തിനുമാണ് കിറ്റ് ലഭിക്കാതിരുന്നത്. ഭാര്യയും കൊച്ചുകുട്ടിയും അടങ്ങിയ കുടുംബം വാടകവീട്ടിലാണ് കഴിയുന്നത്. ഓട്ടോയിൽ പോകുന്നതിനോടോപ്പം പ്രൈവറ്റ് കാറുകളിലും ഡ്രൈവറായി പോകാറുള്ള വിനോദ് സമീപവാസിയുടെ ബന്ധുവിനെ എയർപോർട്ടിൽ നിന്നും അവരുടെ കാറിൽ കൊണ്ടുവന്നതിനെ തുടർന്നാണ് ക്വാറന്റിനിൽ പ്രവേശിക്കേണ്ടി വന്നത്. ആശാവർക്കറിന്റേയും പഞ്ചായത്ത് അധികാരികളുടേയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കുടുംബത്തിലെ കുട്ടിഅടക്കം മൂന്നുപേരും ക്വറന്റിനിൽ കഴിയേണ്ടിവന്നത്. ആശാവർക്കർ പലതവണ ഇവർക്ക് അർഹതപ്പെട്ട കിറ്റ് ലഭിക്കുന്നതിനുവേണ്ടി എഴുതി കൊടുത്തെങ്കിലും അധികാരികൾ അനുവാദം കൊടുത്തില്ല. ഇതേതുടർന്ന് സുഹൃത്തുക്കളാണ് ഇവർക്ക് വേണ്ട സാധനങ്ങൾ എത്തിച്ചു കൊടുത്തത്. മുളക്കുഴ പഞ്ചായത്ത് എട്ടാം വാർഡ് കൗൺസിലറായ എൻ.എ രവീന്ദ്രന്റെ ഇടപെടൽ മൂലമാണ് കിറ്റ് ലഭിക്കാത്തതെന്ന് അറിയാൻ കഴിഞ്ഞതായി വിനോദ് പറഞ്ഞു.