മല്ലപ്പള്ളി: കുന്നന്താനം ഗ്രാമപഞ്ചായത്ത് നടത്തിവരുന്ന കമ്യൂണിറ്റി കിച്ചണിലെ സജീവ സാന്നിദ്ധ്യമായ വാർഡംഗം ഗ്രേസി മാത്യു എന്ന കൊച്ചുമോൾ നവമാദ്ധ്യമത്തിലൂടെ കത്തെഴുതി മനസിൽ ഇടംതേടിയിരിക്കുകയാണ്. 12-ാം വാർഡ് ആഞ്ഞിലിത്താനത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് അംഗമാണ് ഗേസി മാത്യു. തന്റെ വാർഡിലെ അംഗങ്ങൾക്ക് ഒരു കഷ്ടതയും ഉണ്ടാകരുതെന്ന് കരുതി കുറിച്ച കത്താണ് ജനം ഏറ്റെടുത്തിരിക്കുന്നത്. കത്ത് ഇങ്ങനെ തുടങ്ങുന്നു: -
ഞാൻ കൊച്ചുമോൾ അമ്മാമ്മയാണേ...
സഹായിക്കണം, കുറച്ച് പണം തരണം.
കൊറോണാ പ്രതിരോധ പ്രവർത്തനം ആരംഭിച്ചപ്പോൾ മുതൽ എന്റെ അഭ്യർത്ഥന മാനിച്ച് നിങ്ങളിൽ പലരും കുന്നന്താനം പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് പ്രതീക്ഷിച്ചതിലേറെ സംഭാവന നൽകിയിട്ടുണ്ട്. അതിൽ നന്ദിയും സന്തോഷവും രേഖപ്പെടുത്തുന്നു. ഇപ്പോൾ അതിനേക്കാൾ വലിയ പ്രതിസന്ധിയിലാണ് ഞാൻ. ഞാനെന്നു പറഞ്ഞാൽ എന്നെ ആശ്രയിച്ച് നിൽക്കുന്ന നമ്മുടെ ഗ്രാമവാസികൾ.
എന്താണെന്നു വച്ചാൽ ആർക്കും പണിയില്ല. എല്ലാവരും സാധാരണക്കാരല്ലേ? സർക്കാർ നൽകിയ അരിയുള്ളോണ്ട് ഇത്രയും കാലം പിടിച്ചു നിന്നു. പലവ്യഞ്ജന കിറ്റ് ഇപ്പോൾ ഉടൻ കിട്ടും. സർക്കാർ നൽകിയ പെൻഷൻ ഉപയോഗിച്ച് ഈസ്റ്ററും വിഷുവും വലിയബുദ്ധിമുട്ടില്ലാതെ കടത്തിവിട്ടു.
ലോക്ക് ഡൗൺ കഴിഞ്ഞ് ജോലി കിട്ടി ലേശം വരുമാനമാകുമ്പോൾ മഴക്കാലവുമാകും. ചുരുക്കം പറഞ്ഞാൽ എല്ലാവരും വല്ലാത്ത അവസ്ഥയിലാണ്. സർക്കാർ ഇനിയും അരിയും മറ്റും തരുമെന്ന് ഉറപ്പാണ്. പക്ഷെ പച്ചക്കറിക്ക് വലിയ ബുദ്ധിമുട്ടാണ്. അവ വാങ്ങിച്ച് കൊടുക്കണമെന്നാണ് വിചാരിക്കുന്നത്. 12 ആം വാർഡിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാവരെയും സഹായിക്കും. അതിനായി കുറച്ച് പണം തരണം. എന്നിങ്ങനെ തുടരുന്ന അഭ്യർത്ഥക്ക് മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിക്കുന്നത്. സ്ഥിരം ജനപ്രതിനിധിയായ ഈ 58കാരിയായ അവിവാഹിത ആഞ്ഞിലിത്താനം വാഴേനാൽ വീട്ടിലാണ് താമസം.