പത്തനംതിട്ട : കുമ്പളങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങിയും കപ്പ കൊടുത്ത് ചക്കവാങ്ങിയും കോന്നിയിൽ ഒരു നാട്ടുചന്ത. ലോക്ക് ഡൗൺ മൂലം കാർഷിക വിളകൾ വിൽക്കാനും വാങ്ങാനും കഴിയാതെ വന്ന കർഷകർക്ക് ആശ്വാസമായാണ് കോന്നി ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ മഠത്തിൽകാവിൽ പഴയ ബാർട്ടർ സമ്പ്രദായത്തെ ഓർമ്മിപ്പിക്കുന്ന നാട്ടുചന്ത നടന്നത്.
കാർഷിക വിളകൾക്ക് ആവശ്യക്കാരേറുകയും കർഷകർക്ക് അത് വിൽക്കാൻ മാർഗമില്ലാതാവുകയും ചെയ്തതോടെ വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രവീൺ പ്ലാവിളയിലിന്റെ ആശയമായിരുന്നു നാട്ടുചന്ത. പ്രവീണിന്റെ വീട്ടുവളപ്പിൽ തന്നെയായിരുന്നു ചന്ത.
ഫോണിൽ വിളിച്ചും വാട്ട്‌സാപ്പിലൂടെയും മറ്രുമാണ് ചന്ത് നടക്കുന്ന കാര്യം വാർഡിലെ ജനങ്ങളെ അറിയിച്ചത്. പൊലീസ് നിർദ്ദേശപ്രകാരം സാനിട്ടൈസറും മാസ്‌കും ഏർപ്പെടുത്തിയിരുന്നു. ആളുകൾ തമ്മിൽ സാമൂഹിക അകലവും പാലിച്ചു. ചക്ക, വാഴക്കൂമ്പ്, തേങ്ങ, മാങ്ങ, ഇലവർഗ്ഗങ്ങൾ, പുളി തുടങ്ങിയവയുമായി ഇന്നലെ രാവിലെ മുതൽ ആളുകൾ എത്തി. പണം വാങ്ങിയുള്ള കച്ചവടം ഇല്ലായിരുന്നു. കാർഷിക വിളകൾ ഒന്നും കൊടുക്കാനില്ലാത്തവർക്ക് ചക്കയും മാങ്ങയുമൊക്കെ വെറുതെ നൽകിയവരുമുണ്ട്. പഞ്ചായത്തുമായി ആലോചിച്ച് നാട്ടുചന്ത ഇനി മുതൽ ആഴ്ചയിലൊരിക്കൽ പ്രധാന വിപണിയായ നാരായണപുരം ചന്തയിലേക്ക് മാറ്റാനാണ് തീരുമാനം.