പത്തനംതിട്ട : ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്നകൊണ്ട് വലിയ സന്തോഷമൊന്നും കോളേജ് വിദ്യാർത്ഥികൾക്കില്ല. ലോക്ക് ഡൗൺ അവസാനിക്കുമ്പോൾ ആരംഭിക്കുന്ന സെമസ്റ്റർ പരീക്ഷയുടെ അന്ധാളിപ്പ് ആണ് അവർക്ക്. ഇതിൽ എം.ജി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുടെ കാര്യമാണ് കഷ്ടം. ഉച്ചയ്ക്ക് 2 മണിക്ക് പരീക്ഷ തുടങ്ങാനിരിക്കെ അരമണിക്കൂർ മുമ്പാണ് പരീക്ഷ മാറ്റിവച്ചു എന്ന് അറിയുന്നത്. ഡിഗ്രി ആറാം സെമസ്റ്റർ വിദ്യാർത്ഥികൾക്ക് മൂന്ന് പരീക്ഷ കൂടിയെ ഉണ്ടായിരുന്നുള്ളു. അവരുടെ ലോക്ക് ഡൗൺ അനുഭവങ്ങളിലൂടെ...
"ഇതുവരെ ചാപ്റ്റർ ഒന്നും പൂർത്തിയാക്കിയിട്ടില്ല. പെട്ടന്ന് പഠിപ്പിച്ചാൽ തലയിൽ കയറുന്നവരല്ല എല്ലാ വിദ്യാർത്ഥികളും. അത് കൊണ്ട് തന്നെ സെമസ്റ്റർ എക്സാം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ ഭാഗങ്ങളും വിദ്യാർത്ഥികളെ പഠിപ്പിക്കാൻ കഴിയണം. ലോക്ക് ഡൗൺ ഇഷ്ടമുള്ളതൊക്കെ ചെയ്യാൻ കിട്ടിയ അവസരമാണ്. അത് പറ്റുന്നത്ര ഉപയോഗിക്കുന്നുണ്ട്. "
അമൃത ലാൽ
ഒന്നാം വർഷ ബി.എ ഇംഗ്ളീഷ്
സെന്റ് തോമസ് കോളേജ് കോഴഞ്ചേരി
"ഗെയിംസ് , കാരംസ്, സിനിമ ഇതായിരുന്നു പ്രധാന ലോക്ക് ഡൗൺ വിനോദം. പിന്നെ പരീക്ഷ ലോക്ക് ഡൗൺ കഴിഞ്ഞ് ഉണ്ടാകുമെന്ന് കേൾക്കുന്നു. പഠിക്കാൻ കാര്യമായി ഇതുവരെ ശ്രമിച്ചിട്ടില്ല. വരട്ടെ നോക്കാം. ആഗ്രഹം ഉണ്ട് പഠിക്കാനൊക്കെ."
ഗോകുൽ പ്രേം
രണ്ടാം വർഷ ബി.കോം
ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മെഴുവേലി
"പെട്ടന്ന് എന്തായാലും പരീക്ഷ ഒന്നും നടക്കാൻ പോകുന്നില്ല. ലക്ഷദ്വീപ് അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ എത്തിയെങ്കിൽ മാത്രമേ പരീക്ഷ നടത്താൻ കഴിയൂ. ഇതുവരെ വലിയ ഇളവുകൾ ഒന്നും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. പരീക്ഷയുടെ കാര്യത്തിൽ ആശങ്കയുണ്ട്."
ആഘോഷ് വി. സുരേഷ്
ചെയർമാൻ
കാതോലിക്കേറ്റ് കോളേജ്
പത്തനംതിട്ട
"ലോക്ക് ഡൗൺ സമയത്ത് ചിത്രരചനയും ക്രാഫ്റ്റ് വർക്ക്കളും ചില പാചക പരീക്ഷണങ്ങളുമായാണ് കൂടുതൽ സമയവും ചെലവഴിക്കാറ്. പുസ്തകവായനയും ഉണ്ട്. പരീക്ഷകൾ വരുന്നു എന്നുള്ളതിനാൽ ഓൺലൈൻ ക്ലാസുകളും തകൃതിയായി നടക്കുന്നുണ്ട്. പരീക്ഷയുടെ കാര്യത്തിൽ ആശങ്കയില്ലാതില്ല."
സാന്ദ്ര ബിനോയ്,
എം.എ മലയാളം,
കാതോലിക്കേറ്റ് കോളേജ്
പത്തനംതിട്ട
"സ്കൂൾ പഠനകാലത്ത് കൈവിട്ട ബ്രഷും പെയിന്റും പൊടിതട്ടി എടുത്തു. കുറേയേറെ വരച്ചു കൂട്ടി. പിന്നെ അത്യാവശ്യ പാചകം. ചെടികൾ വെച്ചു പിടിക്കൽ അങ്ങനെ ഒക്കെ ലോക്ക് ഡൗൺ ദിനങ്ങൾ തള്ളി നീക്കി. പഠനം ലോക്ക് ഡൗണിൽപ്പെട്ടിരിക്കുകയാണ്.
- വാഹിദ മാഹീൻ
എം.എ മലയാളം.
സെന്റ് തോമസ് കോളേജ് കോഴഞ്ചേരി.
"ലോക്ക് ഡൗൺ സമയത്ത് പഠനം തന്നെ ആയിരുന്നു മെയിൻ. കൂടുതൽ പഠിക്കുവാനും പഴയ ചോദ്യ പേപ്പറുകൾ ഉൾപ്പെടെ ഉപയോഗിച്ച് പരീക്ഷയ്ക്കായി മുന്നൊരുക്കം നടത്തുവാൻ കഴിഞ്ഞു. "
റോഷൻ വി എബ്രഹാം,
ബികോം മൂന്നാം വർഷം,
കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട
ലോക്ക് ഡൗൺ ദിനങ്ങൾ പബ്ജി കളിച്ചും കഴിച്ചും ഉറങ്ങിയുമൊക്കെ വളരെ സുഖകരമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് പരീക്ഷയും ഉണ്ടല്ലോ എന്ന് ഓർമ വന്നത്. ക്ലാസുകൾ പുനരാരംഭിച്ചതിനു ശേഷം മാത്രം പരീക്ഷ നടത്തണം.
മഹേശ്വർ. ബി.,
ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് ഒന്നാം വർഷം,
സെന്റ് തോമസ് കോളേജ് കോഴഞ്ചേരി.