തിരുവല്ല: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസലേഷന്‍ വാര്‍ഡ് ഒരുക്കുവാന്‍ കുന്നന്താനം സെഹിയോന്‍ ധ്യാനകേന്ദ്രം വിട്ടുനൽകി. 150 പേര്‍ക്ക് കഴിയാന്‍പറ്റുന്ന രീതിയില്‍ 60 ബാത്ത് അറ്റാച്ച്ഡ് മുറികളും അടുക്കളയും ഊണ് മുറിയും ഹാളും അടങ്ങിയ കേന്ദ്രമാണ് ഐസലേഷനായി ജില്ലാ ഭരണകൂടത്തിനു കൈമാറിയത്. ചങ്ങനാശേരി അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സെഹിയോന്‍ ധ്യാനകേന്ദ്രം. വൈദ്യുതിയും വെള്ളവും ഇവിടെ ലഭ്യമാണ്. ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.സിറിയക് കോട്ടയിലില്‍ നിന്ന് തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍ ധ്യാനകേന്ദ്രത്തിന്റെ താക്കോല്‍ സ്വീകരിച്ചു.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സന്തോഷത്തോടെ സഹകരിക്കണമെന്നും പൊതുജനങ്ങളുടെ സഹകരണം ഇനിയും ഉണ്ടാകണമെന്നും സന്നിഹിതനായിരുന്ന മാത്യു.ടി.തോമസ് എം.എല്‍.എ പറഞ്ഞു.