അടൂർ : കൊട്ടും കുരവയുമില്ല, ഫോട്ടാഗ്രാഫർമാരുടെ തള്ളിക്കയറ്റവും സദ്യയ്ക്കുള്ള തിക്കുംതിരക്കുമില്ല. വീട്ടിലെ പരിമിതമായ സൗകര്യങ്ങളിൽ ഗുരുഅരുൾ പ്രകാരം ഒരു വിവാഹം. ആർഭാടങ്ങൾ ഒന്നും ഇല്ലാതെ വിവാഹം നടത്താമെന്ന് കൊവിഡ് കാലം തെളിയിക്കുന്നു. വധുവിന്റെ വീട്ടിലെ ഹാളിൽ ശ്രീനാരായണ ഗുരുദേവന്റെ ചിത്രത്തിന് മുന്നിൽ തെളിഞ്ഞ ദീപത്തെ സാക്ഷിനിറുത്തി താലി ചാർത്തിയപ്പോൾ ആശംസകളുമായെത്തിയത് 18 പേർ മാത്രം. എസ്.എൻ.ഡി.പിയോഗം തുവയൂർ തെക്ക് 3107-ാം ശാഖാംഗം പുത്തൻപുര കിഴക്കതിൽ സുന്ദരേശൻ - സുഭാംഗമ ദമ്പതികളുടെ മകൾ കാവ്യയും മേലൂട് 4838-ാം ആശാൻ നഗർ ശാഖാംഗം കിഴക്കേ ചരുവിൽ പുഷ്പരാജൻ - സുധ ദമ്പതികളുടെ മകൻ സുനുരാജുമാണ് വിവാഹിതരായത്. സുനുരാജ് ദുബായിൽ നിന്ന് എത്തിയതിനാൽ 18 ദിവസം വീട്ടിൽ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. വധുവിന്റെയും വരന്റെയും മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം തുവയൂർ തെക്ക് ശാഖാ സെക്രട്ടറി മോഹനൻ, മേലൂട് ആശാൻനഗർ ശാഖാ പ്രസിഡന്റ് പഴകുളം ശിവദാസൻ എന്നിവരുമെത്തി. നിലയ്ക്കൽ ശ്രീമഹാദേവർ ക്ഷേത്ര ഒാഡിറ്റോറിയത്തിൽ വിവാഹം നടത്താനായിരുന്നു ആദ്യ തീരുമാനം. അടൂർ ജനറൽ ആശുപത്രിയിലെ ജീവനക്കാരാണ് വധുവിന്റെ പിതാവ് സുന്ദരേശൻ. വിവാഹത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കവേയാണ് കോവിഡ് 19 നെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. വിവാഹം മാറ്റിവയ്ക്കണമെന്ന അഭിപ്രായം ഉയർന്നെങ്കിലും തീരുമാനിച്ച മുഹൂർത്തത്തിൽ സർക്കാർ പ്രഖ്യാപിച്ച എല്ലാ നിബന്ധനകളും മാനിച്ച് വിവാഹം നടത്താൻ ഇരുവീട്ടുകാരും തീരുമാനിക്കുകയായിരുന്നു.