പത്തനംതിട്ട : കൊവിഡ് 19ന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ മൂലം കിടങ്ങന്നൂർ കരുണാലയം അമ്മവീട് തീർത്തും ദുരിതത്തിലായിരിക്കുകയാണ്. സർക്കാർ ഉത്തരവ് പ്രകാരം കഴിഞ്ഞ മൂന്ന് ആഴ്ചയായി അടച്ചിട്ടിരുന്ന ഈ സ്ഥാപനത്തിൽ സമൂഹത്തിൽ ഉപേക്ഷിക്കപ്പെട്ട് തെരുവിൽ അലഞ്ഞു നടക്കുന്ന വയോജനങ്ങളാണ് ഉള്ളത്. കേന്ദ്രസംസ്ഥാന സർക്കാരിന്റെ സഹായങ്ങൾ ഒന്നും തന്നെ ഈ സ്ഥാപനത്തിന് ലഭിച്ചിട്ടില്ല.ജാതി ഭേദമന്യേ സുമനസുകളുടെ കാരുണ്യവും സഹായവുമാണ് ഇവർക്കാവശ്യമുള്ള ഭക്ഷണം, ചികിത്സ, വസ്ത്രം, പാർപ്പിടം എന്നിവ നൽകി സംരക്ഷിച്ചിരുന്നത്. പ്രളയം മൂലമുണ്ടായ നാശനഷ്ട്ങ്ങളിൽ നിന്ന് കര കയറി വരുമ്പോഴാണ് ഇപ്പോൾ കൊവിഡ് 19 എന്ന മഹാമാരിയുടെ തകർച്ച. ഇതു മൂലം ലഭിച്ചിരിക്കുന്ന സഹായങ്ങൾ പോലും നഷ്ടമായി.
വിവരം ജില്ലാ സാമൂഹ്യനീതി വകുപ്പിൽ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സൗജന്യ റേഷൻ അരിയും അത്യാവശ്യ പച്ചക്കറികളും ലഭിച്ചിരുന്നു. ഇപ്പോൾ ഭക്ഷ്യ വസ്തുക്കളുടെയും മരുന്ന്, മാസ്‌ക്, ഗ്ലൗസ് ഡയപ്പെർ പോലുള്ള നിത്യോപയോഗ സാധനങ്ങളുടെയും ആവശ്യകതയുണ്ട്. അതിനാൽ കരുണാലയം അമ്മവീടിനു ആവശ്യമായ ഭക്ഷ്യവസ്തുക്കളും മറ്റു അവശ്യ സാധനങ്ങളും ലഭ്യമാക്കുവാൻ സുമനസുകൾ സഹായിക്കണമെന്ന് കരുണാലയം ചെയർമാൻ അബ്ദുൾ അസിസ് അറിയിച്ചു.