drug

അടൂർ : പ്രമേഹം മൂലം കണ്ണിന്റെ കാഴ്ച കുറയുകയും വൃക്കകൾ തകരാറിലാവുകയും ചെയ്ത വീട്ടമ്മ മരുന്ന് വാങ്ങാൻ വഴിയില്ലാതെ ബുദ്ധിമുട്ടിയപ്പോൾ സഹായവുമായി എത്തിയത് പൊലീസ്. പറക്കോട് ബ്ളോക്ക് ഒാഫീസിന് സമീപം അനീഷ് ഭവനിൽ സുധ (52) യ്ക്കാണ് പൊലീസ് രണ്ടാഴ്ചത്തെ മരുന്ന് വാങ്ങിനൽകിയത്. സുധയുടെ ഭർത്താവ് കൂലിപ്പണിക്കാരനാണ്. മകൻ അനീഷിന് പൂന്തോട്ടം നിർമ്മിച്ചു നൽകുന്ന ജോലിയും. ലോക്ക് ഡൗണായതോടെ ഇവർക്ക് ജോലിയില്ലാതായി. സുധ രണ്ടുവർഷമായി തിരുനെൽവേലി കണ്ണാശുപത്രിയിലെ ചികിത്സയിലാണ്. വൃക്ക സംബന്ധമായ രോഗത്തിന് അടൂർ ജനറൽ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടും ലോക് ഡൗണും കാരണം കഴിഞ്ഞില്ല. മരുന്ന് വാങ്ങണമെങ്കിൽ പ്രതിമാസം ആറായിരത്തോളം രൂപ വേണം. വിവരമറിഞ്ഞ് പറക്കോട് സ്വദേശിയായ സിവിൽ പൊലീസ് ഒാഫീസർ രജിത്ത് രാജും എസ്. ഐ അസ്ഹർ ഇബ്നു മിർ സാഹിബുമാണ് തങ്ങളുടെ പണം കൊണ്ട് മരുന്ന് വാങ്ങി നൽകിയത്.