പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക് ഡൗൺ തുടരുന്നതിനിടെ ഏറ്റവും കൂടുതൽ സർക്കാർ വാഹനങ്ങൾ നന്നാക്കി നൽകിയ പത്തനംതിട്ട കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാക്കി. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കുറഞ്ഞതിനാലാണ് ഇത്തരത്തിലൊരു ക്രമീകരണം. ഇതുവരെ 37 വണ്ടികളാണ് ഇവിടെ നന്നാക്കിയത്.
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ജില്ലയിലെ ആരോഗ്യം, കൺസ്യൂമർ ഫെഡ്, പൊലീസ്, റവന്യൂ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ വാഹന തകരാറുകൾ വലച്ചപ്പോൾ സഹായവുമായി പത്തനംതിട്ട കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ വിഭാഗം രംഗത്തെത്തുകയായിരുന്നു. സൗത്ത് സോൺ എക്‌സിക്യുട്ടീവ് ഡയറക്ടർ ജി. അനിൽ കുമാർ, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ റോയി ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ മാർച്ച് 31നാണ് ഗാരേജിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ബ്രേയ്ക്ക് ഡൗൺ, മെയിന്റനൻസ് തുടങ്ങിയ പണികൾ ചെയ്യുന്നു.
മെക്കാനിക്കൽ സൂപ്പർവൈസർ ഗിരീഷ് കുമാർ, മെക്കാനിക്കുകളായ കെ.ടി മുരളീധരൻ, എസ്.നൗഷാദ്, കെ.ആർ. റിനിൽ, ഓട്ടോ ഇലക്ട്രീഷൻ സോജി രാജൻ എന്നിവരാണ് സ്‌പെഷ്യൽ മെയിന്റനൻസ് ടീമിൽ ഉള്ളത്. ബന്ധപ്പെടേണ്ട ഫോൺ : 8943218861, 9846853724.