കലഞ്ഞൂർ : കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി മാനസികമായി പീഡിപ്പിക്കുന്ന സിഡിഎസ് ചെയർപേഴ്സൺ ഉഷാ മോഹൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കലഞ്ഞൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു.പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഒന്നു മുതൽ 20 വരെ വാർഡുവരെയുള്ള കുടുംബശ്രീ അംഗങ്ങൾ സമൂഹ അടുക്കളയിലേക്ക് പണമോ സാധനങ്ങളോ കൊടുത്തില്ലെങ്കിൽ അവർക്ക് ലഭിക്കേണ്ട ലോണുകളും വായ്പകളും നൽകില്ല എന്ന നിലപാടാണ് സിഡിഎസ് ചെയർപേഴ്സൺ എടുത്തത്. വ്യക്തമായ തെളിവ് ഉണ്ടായിട്ടും ചെയർപേഴ്സണ് അനുകൂലമായ റിപ്പോർട്ട് നൽകി അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്ന സി.പി.എം ഭരണസമിതിക്കെതിരെ ലോക്ക് ഡൗൺ കാലയളവിൽപോലും ശക്തമായ പ്രതിഷേധവുമായി കലഞ്ഞൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുന്നോട്ടുപോകും. കലഞ്ഞൂർ പഞ്ചായത്തിന് മുന്നിൽ ലോക് ഡൗൺ വ്യവസ്ഥകൾ പാലിച്ചാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാരെ കൂടൽ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.