mla

പത്തനംതിട്ട: കൊവിഡ് ആശുപത്രിയായ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസലേഷനിൽ കഴിയുന്നവർക്കും ജീവനക്കാർക്കും 'ഫ്രം ഹോം' പദ്ധതിയിലൂടെ തുന്നിയ വസ്ത്രങ്ങൾ വിതരണം ചെയ്തു. വീണാ ജോർജ് എം.എൽ.എ വസ്ത്രങ്ങൾ ആശുപത്രി സൂപ്രണ്ട് ഡോ. എം. മാത്യു സാജന് കൈമാറി.
ആരോഗ്യ സുരക്ഷയുടെ ഭാഗമായി ആശുപത്രിയിൽ ഐസലേഷനിൽ കഴിയുന്നവരും ജീവനക്കാരും ഒരു പ്രാവശ്യം ഉപയോഗിച്ച വസ്ത്രങ്ങൾ ബയോ മെഡിക്കൽ മാലിന്യങ്ങൾക്കൊപ്പം ശാസ്ത്രീയമായി സംസ്‌കരിച്ചു വരികയാണ്. ഒരു പ്രാവശ്യം ഉപയോഗിച്ച വസ്ത്രങ്ങൾ പിന്നീട് ഉപയോഗിക്കാത്തതിനാൽ ഐസലേഷനിൽ കഴിയുന്നവർക്കും ജീവനക്കാർക്കുമുള്ള വസ്ത്രങ്ങൾക്ക് ദൗർലഭ്യം അനുഭവപ്പെട്ടിരുന്നു. ഇതിനു പരിഹാരമായി ആറന്മുള നിയോജക മണ്ഡലത്തിലെ സ്ത്രീകളെ കോർത്തിണക്കി ഫ്രം ഹോം പദ്ധതി പ്രകാരം വീടുകളിൽ തുന്നിയ വസ്ത്രങ്ങളും ബെഡ് ഷീറ്റും ടൗവലും ഉൾപ്പെടെ സജ്ജമാക്കുകയായിരുന്നു. ചടങ്ങിൽ ഡോ.ഗണേഷ്, സ്റ്റാഫ് സെക്രട്ടറി എം.സി അജിത്ത്കുമാർ, ഇൻഫെക്ഷൻ കൺട്രോൾ സ്റ്റാഫ് നഴ്‌സ് മിനി, പി.ആർ.ഒ അനു എന്നിവർ പങ്കെടുത്തു.