അടൂർ : സംയുക്ത സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ അടൂരിൽ 23 കിലോഗ്രാം പഴകിയ മത്സ്യവും ഭക്ഷണ സാധനങ്ങളും പിടികൂടി. അടൂർ തഹസീൽദാർ ബീന എസ്. ഹനീഫിന്റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ് വെള്ളക്കുളങ്ങര ജംഗ്ഷനിലെ ഗോൾഡൻ ഫ്രഷ് ഫിഷ് സ്റ്റാളിലായിരുന്നു റെയ്ഡ്. കട ഉടമയ്ക്ക് ലൈസൻസ് ഇല്ലായിരുന്നു. അടൂർ ടൗണിലെ ആശാ ഫാൻസി ആൻഡ് സൂപ്പർമാർക്കറ്റ്, പന്തളം ജംഗ്ഷനിലെ അയ്യപ്പാ സൂപ്പർ മാർക്കറ്റ്, കമലാസ് മാർട്ട് എന്നിവിടങ്ങളിൽ നിന്ന് കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തു. പഴകിയ ഭക്ഷണ സാധനങ്ങൾ വിറ്റതിനും വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതിനും നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായി തഹസീൽദാർ ബീന എസ്. ഹനീഫ് പറഞ്ഞു. ഡെപ്യൂട്ടി തഹസീൽദാർ എസ്. വിജയകുമാർ, ഭക്ഷ്യ സുരക്ഷാ ഒാഫീസർ ഇന്ദുബാല, റേഷനിംഗ് ഇൻസ്പെക്ടർ കെ. സന്തോഷ്, ലീഗൽ മെട്രോളജി ഇൻസ്പെക്ഷൻ അസിസ്റ്റന്റ് അനിൽ കുമാർ എന്നിവരും സ്‌ക്വാഡിൽ ഉണ്ടായിരുന്നു.

താലൂക്ക് സപ്ളൈ ഒാഫീസർ അനിലിന്റെ നേതൃത്വത്തിൽ കൊടുമൺ, അങ്ങാടിക്കൽ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കാതിരുന്ന ഗ്രീൻ വെജിറ്റബിൾസിനും 13 രൂപ വിലയുള്ള കുപ്പിവെള്ളം 15 രൂപയ്ക്ക് വിറ്റ ലാൽ ഫാൻസിക്കുമെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി.