മല്ലപ്പള്ളി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മല്ലപ്പള്ളി പഞ്ചായത്ത് ആയുർവേദ പ്രതിരോധ ഔഷധങ്ങളുടെ വിതരണം ആരംഭിച്ചു. നിരാമയ,സ്വാസ്ഥ്യം,പുനർജനി എന്നീ ആയുർരക്ഷാ പരിപാടികൾ കോവിഡ് നിർവ്യാപന പദ്ധതിയുമായി ബന്ധിപ്പിച്ച് ജില്ലാ പഞ്ചായത്ത്, മെഡിക്കൽ ഓഫീസ് (ആയുർവേദം), പഞ്ചായത്ത് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് നടത്തുന്നത്. രോഗപ്രതിരോധവും രോഗമുക്തിക്ക് ശേഷമുള്ള ആരോഗ്യപരിപാലനവും ലക്ഷ്യമിട്ട് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം കീഴ്വായ്പ്പൂര് ആയുർവേദ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് രോഹിണി ജോസ് അദ്ധ്യക്ഷയായിരുന്നു.പഞ്ചായത്തംഗം പ്രകാശ്കുമാർ വടക്കേമുറി, ഷൈലജ സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.