വടശേരിക്കര: ആരോഗ്യ വകുപ്പ് ഹോട്ട്‌ സ്‌പോട്ടായി പ്രഖ്യാപിച്ച വടശേരിക്കര പഞ്ചായത്തിലെ സർവീസ് സഹകരണ ബാങ്കിന്റെ പേഴുംപാറ ശാഖയിൽ കിറ്റുകൾ വാങ്ങാൻ ഒരേ സമയമെത്തിയത് നൂറുകണക്കിനാളുകൾ. സ്ഥലത്തെത്തിയ പൊലീസ് വിതരണം തടഞ്ഞ് ആളുകളെ പറഞ്ഞയച്ചു. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് ബാങ്ക് പ്രസിഡന്റ് ബാബു പറവിനേത്ത്, സെക്രട്ടറി ജയിംസ് ജോർജ് എന്നിവരെ അറസ്റ്റുചെയ്തു. 1000 രൂപ പലിശരഹിത വായ്പയായി അനുവദിച്ച് അത്രയും വിലയുള്ള പലവ്യഞ്ജന സാധനങ്ങളാണ് 1800ലധികം കിറ്റുകളിലാക്കി വിതരണം ചെയ്യാനൊരുക്കിയിരുന്നത്.
വിതരണ വിവരം ഭരണ സമിതി അംഗങ്ങളും എൽ.ഡി.എഫ്. പ്രവർത്തകരും നവ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ഒമ്പത് മുതൽ ആളുകൾ എത്തിയിരുന്നു. തിക്കുംതിരക്കുമായതോടെയാണ് പെരുനാട് എസ്.ഐ. കവിരാജിന്റെ നേതൃത്വത്തിൽ പൊലീസെത്തിയത്. അറസ്റ്റിലായ പ്രസിഡന്റിനെയും സെക്രട്ടറിയെയും ജാമ്യത്തിൽ വിട്ടയച്ചു. അകലം പാലിച്ചായിരുന്നു കിറ്റ് വതിരണമെന്നും പെട്ടെന്ന് തിരക്ക് വർദ്ധിച്ചതിനാൽ പൊലീസിനെ വിളിച്ചതാണെന്നും പ്രസിഡന്റ് ബാബു പറവനേത്ത് പറഞ്ഞു.