21-kazhcha

ചിറ്റാർ: ശബരിമല ഉൾവനങ്ങളിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾക്ക് കൈത്താങ്ങായി കാഴ്ച നേത്രദാന സേന.
ളാഹ മുതൽ പമ്പ വരെയുള്ള ഉൾവനങ്ങളിൽ കഴിയുന്ന 41 കുടുംബങ്ങൾക്കാണ് കാഴ്ചയുടെ സഹായം ലഭിച്ചത്.
കാട്ടുതേൻ, കുന്തിരക്കം തുടങ്ങിയവ ശേഖരിച്ചാണ് ഇവർ ജീവിത മാർഗം കണ്ടെത്തിയിരുന്നത്. ലോക്ക് ഡൗൺ മൂലം പുറം ലോകവുമായി യാതൊരു ബന്ധവും ഇവർക്കില്ലാതായി. വനവിഭവങ്ങൾ ശേഖരിക്കാനോ ,വിറ്റഴിക്കാനോ കഴിയാത്ത സ്ഥിതിയാണ്. സർക്കാരിന്റെ റേഷൻ അരി മാത്രമാണ് ലഭിച്ചത്.
ഇവരുടെ ദുരിതത്തെപ്പറ്റി അട്ടത്തോട് വാർഡിലെ അംഗൻവാടി ടീച്ചർ പി.കെ കുഞ്ഞമോളാണ് കാഴ്ച നേത്രദാന സേന ജനറൽ സെക്രട്ടറിയും കേരള പി.എസ്.സി അംഗവുമായ അഡ്വ: റോഷൻ റോയി മാത്യുവിനെ അറിയിച്ചത്.
തുടർന്ന് ശനിയാഴ്ച ഉച്ചയോടെ ഇവിടെയെത്തി അവശ്യ സാധനങ്ങൾ വിതരണം ചെയ്തു. സാമൂഹ്യ പ്രവർത്തകരായ സി.എസ് സുകുമാരൻ, രജിത്ത് രാജ്, അംഗൻവാടി ടീച്ചർ പി.കെ കുഞ്ഞമോൾ, കാഴ്ച നേത്രദാന സേന ക്യാംപ് കോഓർഡിനേറ്റർമാരായ അനു ടി. ശാമവേൽ, ഷിജു എം.സാംസൺ എന്നിവർ പങ്കെടുത്തു.
മരണ ശേഷം കണ്ണുകൾ ദാനമായി നൽകുന്നവരുടെ കൂട്ടായ്മയാണ് കാഴ്ച നേത്രദാനസേന.