ഇലന്തൂർ : ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിലെ അഗതി ആശ്രയ വിഭാഗത്തിലെ 800 ഓളം കുടുംബങ്ങൾക്ക് ''സ്‌നേഹ കരം' പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ ധാന്യ കിറ്റുമായി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് .
13 ഇന നിത്യോപയോഗ സാധനങ്ങളാണ് നൽകുന്നത്. ബ്ലോക്ക് പഞ്ചായത്തിന് സാമ്പത്തിക ബാദ്ധ്യതകളില്ലാതെ കോർപറേറ്റ് കമ്പനികളുടെ സോഷ്യൽ സെക്യൂരിറ്റി ഫണ്ട് കണ്ടെത്തിയാണ് പദ്ധതി. കൊവിഡ് കാലയളവിൽ ബ്ലോക്ക് പട്ടിണി രഹിതമാക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ജെറി മാത്യു സാം പറഞ്ഞു.
പാലിയേറ്റിവ് പരിചരണം, കിടപ്പു രോഗികൾക്ക് മരുന്നെത്തിക്കൽ, മുതിർന്ന പൗരൻമാർക്ക് ജീവിത ശൈലി രോഗ പരിശോധന വീട്ടിൽ നടത്തുക, ദാരിദ്ര്യ രേഖയിൽ താഴെ ഉള്ളവർക്ക് സൗജന്യ മരുന്ന്, അടിയന്തര സാഹചര്യത്തിൽ ഭക്ഷ്യധാന്യ ശേഖരണം എന്നിവയ്ക്കാണ് സാമൂഹ്യ സംഘടനകൾ, വ്യക്തികൾ, കമ്പനി, സ്ഥാപനങ്ങൾ, ജന പ്രതിനിധികളുടെ ഹോണറേറിയം എന്നിവയുടെ സഹായത്തോടെ പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുന്നത്
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി തോമസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയംഗങ്ങളായ കെ.എസ്. പാപ്പച്ചൻ, ജെ. ഇന്ദിരാദേവി, ശിവരാമൻ എൻ., എം.ബി.സത്യൻ, ബിജിലി പി. ഈശോ, എ.എൻ. ദീപ, ജോൺ വി. തോമസ്, ആലീസ് രവി, രമാ ദേവി, സാലി തോമസ്, വത്സമ്മ മാത്യു എന്നിവരുടെയും, ഗ്രാമ പഞ്ചായത്തിലെ വില്ലേജ് എക്സ്‌റ്റെൻഷൻ ഓഫീസർമാരുടെയും സഹകരണത്തോടെ 7 ഗ്രാമപഞ്ചായത്തുകളിൽ ഏപ്രിൽ 22 ന് ബുധനാഴ്ച മുതൽ കിറ്റ് വിതരണം ചെയ്യുമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.പി. രാജേഷ് കുമാർ അറിയിച്ചു.