regna

അടൂർ : ആലപ്പുഴ ജില്ലയിലെ വെട്ടിക്കോട് സ്വദേശിയായ രത്നാകരനും കുടുംബവും ജീവിക്കുന്നത് അടൂരിൽ സോമനി ആർട്സ് സെന്റർ എന്ന പേരിൽ കലാപരിപാടി ബുക്കിംഗ് ഏജൻസി നടത്തിയാണ്. പ്രമുഖ കലാസമിതികളുടെ നാടകങ്ങൾ, ബാലെ, ഗാനമേള ഉൾപ്പെടെയുള്ള വൈവിദ്ധ്യമാർന്ന പരിപാടികൾ ബുക്ക് ചെയ്ത് നൽകുക വഴി കലാസമിതികൾ നൽകുന്ന കമ്മിഷനാണ് ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ വരുമാനം. ജനുവരി മുതലാണ് ഉത്സവസീസണ് തുടക്കം. ഇത് മെയ് 10 വരെ നീളും. ഇൗ കാലമാണ് ബുക്കിംഗ് ഏജൻസികളുടെയും നല്ലകാലം. കഴിഞ്ഞ രണ്ട് വർഷമായി പ്രളയം കവർന്നതോടെ ഒാണസീസണിലെ വരുമാനം പൂർണ്ണമായും മുടങ്ങി. കൊവിഡ് ബാധകാരണം ഉത്സവകാലത്ത് ബുക്ക് ചെയ്ത പരിപാടികളും നടത്താനാകാത്തതോടെ രത്നാകരനെപ്പോലെ സംസ്ഥാനത്തെ അഞ്ഞൂറോളം ബുക്കിംഗ് ഏജന്റുമാരുടെ വരുമാനമാർഗമാണ് ഇല്ലാതായത്. ഉത്സവകാലത്ത് ലഭിക്കുന്ന വരുമാനംകൊണ്ടുവേണം ഒരുവർഷം ജീവിക്കാൻ, ഒപ്പം ഒാഫീസ് മുറിയുടെ വാടകയും വർഷത്തിലൊരിക്കൽ മൊത്തമായാണ് നൽകുന്നത്. ഡിസംബർ മുതൽ ഉത്സവ സീസണിലെ കലാപരിപാടികളുടെ ബുക്കിംഗ് ആരംഭിക്കും. കലാസമിതിയുമായുള്ള എഗ്രിമെന്റ് വയ്ക്കുന്നത് ബുക്കിംഗ് ഏജന്റുമാരാണ്. പരിപാടി നടക്കുന്ന ദിവസം മാത്രമേ സമിതികൾ ഏജന്റുമാർക്കുള്ള കമ്മിഷൻ നൽകുകയുള്ളൂ. ഗാനമേളയും മിമിക്സും പോലെയുള്ള മെഗാപരിപാടികൾക്കാണ് മാന്യമായ കമ്മിഷൻ ലഭിക്കുന്നത്. പ്രളയത്തിൽ നിന്ന് ഒരുവിധം കരകയറി എത്തിയപ്പോഴാണ് ഒരിക്കലും ആരും പ്രതീക്ഷിക്കാത്ത ലോക്ക് ഡൗൺ കാലമുണ്ടായത്. ഇതുവഴി നഷ്ടമായത് ഒരുവർഷത്തെ വരുമാനവുമാണ്.

150ൽ അധികം കലാപരിപാടികളുടെ ബുക്കിംഗ് ഇക്കുറി ഉണ്ടായിരുന്നു. ഉത്സവത്തിന് നിരോധനം വന്നതോടെ മുഴുവൻ പ്രോഗ്രാമുകളും ക്യാൻസലായി. സർക്കാർ സഹായം ഉണ്ടായില്ലെങ്കിൽ പട്ടിണി കിടക്കേണ്ടിവരും.

കെ. രത്നാകരൻ,

സോമനി ആർട്സ് സെന്റർ,

അടൂർ