പത്തനംതിട്ട : പരീക്ഷ കഴിഞ്ഞ് വീട്ടിലിരിക്കുമ്പോഴാണ് ബോട്ടിൽ പെയിന്റിംഗിനെ പറ്റി അറിയുന്നത്. യൂ ട്യൂബ് നോക്കി പരീക്ഷിച്ച് നോക്കി. പെയിന്റിംഗിലുള്ള കമ്പം കൂടിയായപ്പോൾ പത്തനംതിട്ട അമൃത വിദ്യാലയത്തിലെ പത്താം ക്ലാസുകാരി ഹൃദ്യയുടെ കൈകളിലെത്തിയ കുപ്പികൾക്ക് ചന്തമേറി.

പെരിങ്ങമല വെട്ടിപ്രത്ത് ശരണ്യ വീട്ടിൽ സുമ, അനിൽ ദമ്പതികളുടെ മകളാണ് ഹൃദ്യ. ബോട്ടിൽ പെയിന്റിംഗുകളാണ് ഇപ്പോൾ ചെയ്യുന്നതെങ്കിലും പെൻസിൽ ഡ്രോയിംഗ് അടക്കമുള്ള എല്ലാത്തിലും മിടുക്കിയാണ്. പ്രകൃതിയെ വരയ്ക്കാനാണ് ഏറെ ഇഷ്ടം.

ഫേബ്രിക് പെയിന്റിംഗിലും താത്പര്യമേറെയാണ്. തുണികളിലും പെയിന്റ് ചെയ്യാൻ മിടുക്കിയാണ് ഹൃദ്യ. ഡോക്ടർ ആകാനാണ് ഇൗ കൊച്ചുചിത്രകാരിയുടെ ആഗ്രഹം. മഹാമാരിയുടെ കാലത്ത് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും വിശ്രമമില്ലാതെ ജോലി ചെയ്യുന്നതിനാൽ ആ മേഖലയോട് കൂടുതൽ ബഹുമാനം തോന്നുകയാണെന്നും ഹൃദ്യ പറയുന്നു. സഹോദരൻ സിദ്ദാർത്ഥ് പത്തനംതിട്ട മാർത്തോമ്മ സ്കൂളിൽ പ്ലസ് ടൂ വിദ്യാർത്ഥിയാണ്.