@ പ്രതിഷേധവുമായി വ്യാപാരികൾ

പത്തനംതിട്ട: റേഷൻ കാർഡ് ഉടമകൾക്ക് സർക്കാർ നൽകുന്ന ഭക്ഷ്യോൽപ്പന്ന കിറ്റ് കടകളിൽ എത്തിയെങ്കിലും വിതരണത്തിന് അനുമതിയില്ല. ഇന്നലെ മുതൽ കിറ്റ് വിതരണം ചെയ്യുമെന്ന അറിയിപ്പ് ലഭിച്ചെങ്കിലും കടകളിൽ എത്തിയവർ നിരാശരായി. വിതരണം 27 മുതൽ എന്നാണ് അറിയിച്ചിട്ടുളളതെന്ന് വ്യപാരികൾ പറയുന്നു. എല്ലാ കടകളിലും കിറ്റ് എത്തിയിട്ട് വിതരണം ചെയ്താൽ മതിയെന്നാണ് ഭക്ഷ്യവകുപ്പിന്റെ നിർദേശം. ഇത് കാർഡ് ഉടമകളെയും വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കുന്നതായി ആക്ഷേപമുണ്ട്.

റേഷൻ കടകളിൽ കിറ്റ് കൂടുതൽ നാൾ സൂക്ഷിച്ചാൽ നശിച്ചുപോകുമെന്ന് വ്യാപരികൾ പറയുന്നു. കിറ്റുകൾ എണ്ണയും മറ്റ് ഉൽപ്പന്നങ്ങളുമാണുളളത്. എണ്ണയുടെ കവർ പൊട്ടുകയും ഉറുമ്പും പ്രാണികളും കയറി സാധനങ്ങൾ നശിക്കാൻ സാദ്ധ്യതയുണ്ട്. പല കടകളിലും സ്ഥല പരിമിതിയുണ്ട്. കിറ്റുകളും മറ്റ് റേഷൻ സാധനങ്ങളും കുന്നുകൂടുന്ന സ്ഥിതിയാണ്.

ഒരേ ആവശ്യത്തിന് ഒന്നിലധികം തവണ കാർഡ് ഉടമകൾ റേഷൻ കടകളിൽ എത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കൊവിഡ് നിരീക്ഷണത്തിലുളള വീടുകളിൽ നിന്ന് ആളുകൾ തുടർച്ചയായി റേഷൻ കടകളിലെത്തുന്നത് ആശങ്കയുണ്ടാക്കുന്നു.


മന്ത്രിക്ക് നിവേദനം നൽകി

റേഷൻ വിതരണത്തിലെ അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ട് ഭക്ഷ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവനാൽ അറിയിച്ചു. കടകളിൽ എത്തിയ കിറ്റ് ഇന്നു മുതൽ വിതരണത്തിന് അനുമതി നൽകണം, ഒ.ടി.പി മെസേജ് കടക്കാർ നോക്കുന്നതും റേഷൻ കാർഡിൽ വ്യാപാരി അടയാളപ്പെടുത്തുന്നതും ഒഴിവാക്കണമെന്ന് നിവേദനത്തിൽ പറയുന്നു.

കൊവിഡ് സാഹചര്യത്തിൽ വ്യാപാരികളുടെ ആശങ്ക

@ കേന്ദ്ര സൗജന്യ റേഷൻ വിതരണത്തിന്

മൊബൈൽ ഒ.ടി.പി നിർബന്ധമാക്കിയത്.

@ ഒ.ടി.പി മെസേജ് നോക്കാൻ കാർഡുടമകൾ

കടക്കാരെ ഏൽപ്പിക്കുന്നത്.

@ റേഷൻ കാർഡിൽ വ്യാപാരി

അടയാളപ്പെടുത്തുന്നത്.

'' മറ്റ് ജില്ലകളിൽ പായ്ക്കിംഗ് പൂർത്തിയാകാത്ത കടകളുണ്ട്. 27 മുതൽ വിതരണം ചെയ്താൽ മതിയെന്നാണ് സർക്കാർ നിർദേശം.

എം.എസ്. ബീന, ജില്ലാ സപ്ളൈ ഒാഫീസർ.

@ ജില്ലയിൽ 3,41,765 കാർഡ് ഉടമകൾ.