തിരുവല്ല: കനത്ത വേനൽ മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ നിരണം കൊമ്പങ്കേരിയിൽ വ്യാപക നാശനഷ്ടം. 15 വീടുകളും ഗവ.എൽ.പി.സ്‌കൂളും അങ്കണവാടിയും തകർന്നു. തിങ്കളാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്.നിരണം 11-ാം വാർഡിൽ വെട്ടിത്തുരുത്ത് അമ്മുക്കുട്ടി, തുമരങ്കേരിൽ എം.ഡി രാമചന്ദ്രൻ എന്നിവരുടെ വീടാണ് മരം വീണ് പൂർണമായും തകർന്നത്.13വീടുകളുടെ മേൽക്കൂരകൾ കാറ്റിൽ പറന്നുപോയി.മാനങ്കേരിൽ സോമൻ കൊച്ചുരാമൻ,പുള്ളിപ്പടവിൽ പി.എം തോമസ്,പടിഞ്ഞാറേവീട്ടിൽ മറിയാമ്മ ചെറിയാൻ,ദേവസ്വം ചിറയിൽ സോമൻ,ശശി,ശാന്തമ്മ ശിവൻ,മാനങ്കേരിൽ എം.ഡി. രാജ്മോഹൻ,എട്ടിയാരിൽ എ.എ.ജോർജ്ജ്,വർഗീസ് ചാക്കോ, കൊമ്പൻകേരിൽ ജോർജ്ജ് കുരുവിള,കുന്നിപ്പറമ്പിൽ കൊച്ചുമോൻ,വരാപ്പാടം രത്നമ്മ,അംബേദ്ക്കർ പുതുവൽ ചാലാനടിയിൽ വർക്കി ദാനിയൽ എന്നിവരുടെ വീടുകളാണ് മരങ്ങൾ വീണും മേൽക്കൂര പറന്നുപോയും ഭാഗികമായി നശിച്ചത്.കൊമ്പങ്കരി ഗവ.എൽ പി സ്കൂളിന്റെ ശൗചാലയവും സമീപത്തെ അങ്കണവാടിയുമാണ് മരം വീണ് തകർന്നത്. പ്രദേശത്ത് ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. മേൽക്കുര പറന്നുപോയതോടെ താമസ യോഗ്യമല്ലാതെയായി മാറിയ വീടുകളിലുള്ളവർക്ക് താൽക്കാലിക താമസ സൗകര്യമൊരുക്കുന്ന നടപടികൾ തഹസിൽദാർ സി.ജോൺ വർഗീസ്, ലതാ പ്രസാദ്, വില്ലേജ് ഓഫീസർ ബിജുമോൻ എന്നിവരുടെ നേതൃത്വത്തിൽ തുടങ്ങി.

വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു


തിരുവല്ല: ശക്തമായ കാറ്റിൽ നിരവധി മരങ്ങളും വൈദ്യുത പോസ്റ്റുകളും നിലം പതിച്ചു.റോഡുകൾക്ക് കുറുകെ മരങ്ങൾ വീണത് ഗതാഗത തടസത്തിന് കാരണമായി.പ്രദേശത്തെ വൈദ്യുതി വിതരണ സംവിധാനം ഭാഗീകമായി തടസപ്പെട്ടു.ഇരതോട് വാഴയിൽ അച്ചൻ കുഞ്ഞിന്റെ വീടിന് സമീപം കൂറ്റൻ മരം വീണ് രണ്ട് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണു.കടപ്ര വീയപുരം ലിങ്ക് റോഡിൽ കൊമ്പങ്കരി പാലത്തിന് സമീപം 11കെ.വിലൈനിലേക്ക് മരം മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു.കിഴക്കുംഭാഗം രാജു തൂമ്പുങ്കലിന്റെ പുരയിടത്തിലെ കൂറ്റൻ മാവ് മറിഞ്ഞു വീണു.വാഴയിൽ കോളനിയിൽ രണ്ട് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണു.അയ്യൻകോനാരി ഭാഗത്തെ കൊയ്ത്തിന് പാകമായ നെൽകൃഷിക്കും വാഴ കൃഷിക്കും വ്യാപക നാശമുണ്ടായി.