തണ്ണിത്തോട്: കല്ല് കൊണ്ട് കവിതയെഴുതിയ ജില്ലയിലെ ജലധമനികളിലൊന്നായ കല്ലാർ അനിയന്ത്രിതമായ ജലചൂഷണവും,മാലിന്യ നിക്ഷേപവും മൂലം അതിജീവനത്തിന്റെ വഴി തേടുന്നു.റാന്നി വനം ഡിവിഷനിലെ ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള വനമേഖലയായ പാക്കല്ലാറിൽ നിന്ന് ഉത്ഭവിച്ച് വടശേരിക്കരയ്ക്ക് സമീപത്ത് പമ്പയിൽ ചേരുന്ന ഈ നദിയൊഴുകുന്നതിൽ ഭൂരിഭാഗവും വനമേഖലയിലൂടെയായിട്ടും വരട്ടാറും,ആദിപമ്പയും തെളിച്ച വഴിയിലൂടെ അദിജീവനം തേടുകയാണീ നദി.ആവാസവ്യവസ്ഥയിലുണ്ടായ മലിനീകരണവും,വിഷം കലർത്തിയുള്ള മീൻപിടിത്തവും മൂലം നദിയിൽ ഒരു കാലത്ത് സമ്പന്നമായിരുന്ന മത്സ്യങ്ങൾ ഇല്ലാതായി.കല്ലാറിന്റെ ഉത്ഭവസ്ഥാനം മുതൽ ഏഴാന്തല,തണ്ണിത്തോട്,അടവി,പേരുവാലി,കൊച്ചുതടിപ്പന,വലിയതടിപന,കുറുവ,ചേറുവാള, മക്കുവള്ളി,കടവുപുഴ എന്നിവടങ്ങളിൽസുലഭമായി വളർന്നിരുന്ന മിസ് കേരളയെന്ന മത്സ്യം ഇല്ലാതായി.കല്ലേമുട്ടിയും ചേറുമീനെന്ന വലിയ മത്സ്യവും ഇന്ന് കല്ലാറിൽ കാണാനില്ല.
കല്ലാറെന്ന് പേരിന് കാരണം....
മറ്റ് നദികളെ അപേക്ഷിച്ച് പാറകൾ കൂടുതലുള്ളതിനാലാണ് ഈ നദിക്ക് കല്ലാറെന്ന പേരു വന്നത്. സംസ്ഥാനത്തെ ആദ്യത്തെ കുട്ട വഞ്ചി സവാരി കേന്ദ്രം തുടങ്ങിയത് കല്ലാറ്റിലെ അടവിയിലാണ്. ഇപ്പോൾ നദിയിൽ ശോഷിച്ച ജലധമനികളും മൺപുറ്റുകളുമാണുള്ളത്. മാലിന്യങ്ങൾ അടിഞ്ഞ് കൂടിയാണ് മൺപുറ്റുകൾ രൂപപ്പെട്ടത്.പ്ലാസ്റ്റിക് മാലിന്യങ്ങൾ നദിയുടെ പല ഭാഗങ്ങളിലടിഞ്ഞ് കുടികിടന്ന് കരകളായി മാറി.ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴത്തോട്ടത്തിലെ സെൻ ട്രിഫ്യൂജഡ് ലാറ്റക്സ് ഫാക്ടറിയിലെ മലിനജലവും നേരിട്ടെത്തുന്നത് കടവുപുഴയിൽ വച്ച് കല്ലാറ്റിലേക്കാണ്.
ഔഷധസസ്യങ്ങൾ ഇല്ലാതായി
എക്കൽ നിറഞ്ഞ നദീതീരത്തെ പാറകളിൽ ചുറ്റിപ്പിടിച്ച് വളർന്നിരുന്ന കല്ലൂർ വഞ്ചിയെന്ന ഔഷധസസ്യം കല്ലാറ്റിൽ നിന്ന് അപ്രത്യക്ഷമായി.കല്ലാറിന്റെ ഉത്ഭവസ്ഥാനത്ത് കല്ലിൽ പറ്റിപ്പിടിച്ചു വളർന്നിരുന്ന ഒരിനം പായൽ വനമേഖലയിലെ ആദിവാസികൾ ഔഷധമായി ഉപയോഗിച്ചിരുന്നു.കോന്നി തണ്ണിത്തോട് റോഡിലേയും,തണ്ണിത്തോട് ചിറ്റാർ റോഡിലേയും വനമേഖലയിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ നദിക്ക് ഭീഷിണിയായി മാറി.വനത്തിലെ നീരൊഴുക്കുകളിലൂടെയും,തോടുകളിലൂടെയും ഇവ നദിയിലെത്തുന്നു.ഹോട്ടൽ മാലിന്യങ്ങളും, ഇറച്ചി കടകളിലെ മാലിന്യങ്ങളും വാഹനങ്ങളിലെത്തി ഇവിടെ വലിച്ചെറിയുന്നുണ്ട്.നദിയിൽ ജലനിരപ്പുയരുമ്പോൾ മാലിന്യങ്ങൾ നദിയിലെ മൺപുറ്റുകളിലെ കാടുകളിൽ തട്ടി നിൽക്കും.
കല്ലാറ്റിലെ ഔഷധ സസ്യമായിരുന്ന കല്ലൂർ വഞ്ചിയും, പുഴമത്സ്യമായ മിസ് കേരളയും ഇന്ന് നദിയിൽ നിന്ന് പൂർണമായി അപ്രത്യക്ഷമായി.
ചിറ്റാർ ആനന്ദൻ
(പരിസ്ഥിതി പ്രവർത്തകൻ)