തണ്ണിത്തോട്: ലോക് ഡൗൺ കാരണം അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ആളനക്കമില്ലാതായിട്ട് ഒരു മാസം കഴിഞ്ഞു. മദ്ധ്യവേനൽ അവധിക്കാലത്ത് നല്ല തിരക്കുണ്ടാകേണ്ട ഇവിടെ ലക്ഷങ്ങളുടെ വരുമാനമാണ് നഷ്ടപ്പെട്ടത്.
സാധാരണ ദിവസങ്ങളിൽ 50,000 മുതൽ 70,000 രൂപവരെ ലഭിച്ചിരുന്നു. അവധി ദിവസങ്ങളിൽ ഒന്നര ലക്ഷം രൂപ വരെയും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും സന്ദർശകരെത്തിയിരുന്നു. പേരു വാലയിലെ 5 മുളംകുടിലുകളിൽ താമസ സൗകര്യവുമുണ്ടായിരുന്നു. മാസം 10 ലക്ഷം രൂപ വരെ മുളം കുടിലുകളിൽ നിന്ന് വരുമാനം ലഭിച്ചിരുന്നു. വന സംരക്ഷണ സമിതി നടത്തുന്ന വനശ്രീ കഫേയും പ്രവർത്തിച്ചിരുന്നു . ഇവയെല്ലാം നഷ്ടമായിരിക്കുകയാണ്.തൊഴിലില്ലാതായ തുഴച്ചിൽക്കാർക്ക് വനംവകുപ്പ് ഏപ്രിൽ മാസത്തെ ശമ്പളവും ഭക്ഷണ സാധനകിറ്റുകളും കഴിഞ്ഞ ദിവസം നൽകി.
ജില്ലയിൽ കൊവിഡ് രോഗം റിപ്പോർട്ട് ചെയ്തപ്പോൾ മാർച്ച് 10 മുതൽ ടൂറിസം കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ കുട്ടവഞ്ചി സവാരി കേന്ദ്രമാണ് അടവി. തണ്ണിത്തോട് പഞ്ചായത്തിൽ വനത്തിലൂടെ ഒഴുകുന്ന കല്ലാറ്റിലൂടെയാണ് യാത്ര. 27 കുട്ടവഞ്ചികളുണ്ട്.