പത്തനംതിട്ട : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ മുഴുവൻ അന്യ സംസ്ഥാന തൊഴിലാളികളെയും പരിശോധിക്കുകയാണ്. ബോഡി ഇൻഫ്രാറെഡ് തെർമൽ സ്‌കാനർ ഉപയോഗിച്ചാണ് പരിശോധന. പനിയും രോഗലക്ഷണവും കണ്ടെത്തുന്നവരെ ആശുപത്രിയിൽ വിശദ പരിശോധനയ്ക്ക് അയയ്ക്കും.
ജില്ലയിൽ അഞ്ചു ടീമിനെയാണ് മേഖല തിരിച്ച് നിയോഗിച്ചിരിക്കുന്നത്. ഇവർ ദിവസവും തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലെത്തി പരിശോധന നടത്തും. പരിശോധന നടത്തുന്ന ഒരു ടീമിൽ ഡോക്ടർ അടക്കം മൂന്നു പേരാണുള്ളത്. പരിശോധനയ്ക്ക് വിധേയരാകുന്ന തൊഴിലാളികളുടെ വിവരങ്ങൾ ടീമിലുള്ളയാൾ തന്നെ ഡേറ്റാ എൻട്രി നടത്തുന്നുണ്ട്. ഓരോ പരിശോധന ടീമും ദിവസവും 300 മുതൽ 500 തൊഴിലാളികളെ സ്‌ക്രീൻ ചെയ്യാറുണ്ട്. തുടർ പരിശോധനയും നടക്കുന്നു.