പത്തനംതിട്ട: വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തി ക്വാറന്റൈനിൽ കഴിഞ്ഞവർ നിരീക്ഷണകാലാവധി പൂർത്തിയാക്കി. ലോക്ക് ഡൗൺ ആരംഭിക്കുന്നതിനു തൊട്ടുമുമ്പായി മടങ്ങിവന്നവരുടെ നിരീക്ഷണകാലാവധിയാണ് പൂർത്തിയായത്. വിദേശത്തു നിന്ന് മടങ്ങിയെത്തി ക്വാറന്റൈൻ പട്ടികയിൽ അവസാനം ഉണ്ടായിരുന്ന ഒമ്പതുപേരെയും വിട്ടയച്ചു.
നാലായിരത്തിലധികം ആളുകൾ കഴിഞ്ഞ മാർച്ച് അഞ്ചിനും 24നും ഇടയിൽ ജില്ലയിൽ വിവിധ വിദേശരാജ്യങ്ങളിൽ നിന്നു മടങ്ങിയെത്തി നിരീക്ഷണത്തിലായിരുന്നു. ഇവരിൽ പത്തുപേരിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. കോവിഡ് സ്ഥിരീകരിച്ചവരിൽ അഞ്ചുപേർ നിലവിൽ ചികിത്സയിലുണ്ട്. അഞ്ചുപേർക്കു രോഗം ഭേദപ്പെട്ടു. സമ്പർക്കത്തിലൂടെ ജില്ലയിൽ ആറു പേരിലും ഡൽഹിയിൽ നിന്നു വന്ന ഒരു വിദ്യാർഥിനിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
പത്തനംതിട്ടയിൽ കൊവിഡ് 19 പുതിയ കേസുകൾ പത്തുദിവസമായി റിപ്പോർട്ട് ചെയ്യപ്പെടാത്തതും ആശ്വാസമായി. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിവന്നവർ നിരീക്ഷണകാലാവധി പൂർത്തിയാക്കുന്നതോടെ പരിശോധനകളും കുറച്ചിട്ടുണ്ട്. നിലവിൽ രോഗബാധിതരായ ആറുപേരാണ് ചികിത്സയിലുള്ളത്.
രോഗബാധിതരുടേതായ 92 പ്രാഥമിക സമ്പർക്കക്കാരും 40 രണ്ടാംഘട്ടത്തിലുള്ളവരും നിരീക്ഷണത്തിലാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 593 പേരും ഡൽഹി നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ 20 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നു മടങ്ങിവന്നവരിൽ ഭൂരിഭാഗവും ഈ ദിവസങ്ങളിൽ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയിട്ടുണ്ട്. ഇന്നലെ മാത്രം 390 പേരെ വിടുതൽ ചെയ്തു. ഇതര ജില്ലകളിൽ നിന്ന് വന്ന 543 പേരെയും ഇന്നലെ പുതുതായി നിരീക്ഷണത്തിലാക്കി. ഇതോടെ 1288 പേരാണ് ജില്ലയിലാകെ നിരീക്ഷണത്തിലുള്ളത്.