തിരുവല്ല: ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന വൻ തോതിലുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പലചരക്ക് കടയുടമ പിടിയിൽ. ഇരവിപേരൂർ തോട്ടപ്പുഴ തറയശേരിൽ ശശിധരൻ (63) ആണ് നർക്കോട്ടിക് വിഭാഗത്തിന്റെ പിടിയിലായത്. 2355 പാക്കറ്റ് ഹാൻസ്, 735 പാക്കറ്റ് കൂൾ എന്നിവയാണ് ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തത്. ലോക്ക് ഡൗണിനെ തുടർന്ന് ലഹരി വസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ വൻ വിലയ്ക്കാണ് ഇവ വിറ്റഴിച്ചിരുന്നത്.
തോട്ടപ്പുഴ ജംഗ്ഷന് സമീപത്തെ പലചരക്ക് കട കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്ന് നർക്കോട്ടിക് ഡിവൈ.എസ്പി പ്രദീപ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരുവല്ല സി ഐ വിനോദ് കുമാർ , എസ് ഐ ബോബി വർഗീസ്, സി.പി.ഒ മാരായ, ഹരികുമാർ,രാജേഷ്,അരുൺ, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.