ചിറ്റാർ: വീട്ടുമുറ്റം വാറ്റു കേന്ദ്രമാക്കിയ സംഘം പൊലീസ് പിടിയിൽ. ചിറ്റാർ മീൻകുഴി ബഞ്ചമൺപാറയിലാണ് സംഭവം. രമണൻ പാറയ്ക്കൽ (53), തങ്കപ്പൻ ഇടത്തറമണ്ണിൽ (56),​ മനോജ് മണ്ണാമുറിയിൽ ( 38),​ വിജയൻ പറയ്ക്കൽ (38) എന്നിവരെയാണ് ചിറ്റാർ പൊലീസ് അറസ്റ്റ് ചെയ്തത്. രമണന്റെ വീട്ടുമുറ്റത്ത് സ്ഥിരമായി വാറ്റ് നടക്കുന്നു എന്ന രഹസ്യവിവരത്തെ തുടർന്ന് തിങ്കളാഴ്ച്ച രാത്രി 11.45ന് പൊലീസ് നടത്തിയ നീക്കത്തെ തുടർന്നാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്. രമണനൊഴികെ ബാക്കി മൂന്നു പേരും ഓടി രക്ഷപെട്ടെങ്കിലും അവർ ചൊവ്വാഴ്ച്ച പകൽ സ്റ്റേഷനിൽ എത്തി കീഴടങ്ങി. വാറ്റു കേന്ദ്രത്തിൽ നിന്നും ചാരായം കണ്ടെടുത്തിട്ടുണ്ട്. കോടയും വാറ്റുപകരണങ്ങളും പൊലീസ് നശിപ്പിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു. എസ്.ഐ മാരായ സുരേഷ് സി.പണിക്കർ ,പി ഷാജി, രജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.