പത്തനംതിട്ട : ലോക്ക്ഡൗൺ കാലമാണ് എല്ലാവരും വീടുകളിലാണ്. കുറ്റകൃത്യങ്ങളും അപകടങ്ങളും ഏറ്റവും കുറഞ്ഞ സമയമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.എന്നാൽ ചില സ്ഥലങ്ങൾ അത്ര സുരക്ഷിതമല്ലെന്ന് തന്നെയാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.ലോക്ക് ഡൗണിന് ശേഷം വനിതാ കമ്മീഷന്റെ മെയിലിൽ മാത്രമായി അമ്പത്തിരണ്ടിലധികം പരാതികൾ എത്തിയിട്ടുണ്ട്.നേരിട്ടും അല്ലാതെയും അറിയിക്കുന്നവർ വേറെ.പരാതിപ്പെടാൻ കഴിയാത്തവരോ അതിലും ഏറെ.
ദിവസവും ഒന്നുമുതൽ അഞ്ച് വരെ കോളുകൾ വനിതാ കമ്മീഷൻ അംഗങ്ങളെ തേടിയെത്തുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം.ഇതിനിടയിൽ എത്തുന്ന ബാല്യ കൗമാരങ്ങളും വലിയൊരു വിഭാഗമുണ്ട്.വാർത്തകൾ കണ്ടും സിനിമ കണ്ടും മുതിർന്നവർ സമയം ചെലവഴിയ്ക്കുമ്പോൾ പുറത്തിറങ്ങി കൂട്ടമായി കളിയ്ക്കാൻ കഴിയാത്ത കുട്ടികളുണ്ട്.അവർക്ക് വേണ്ടിയും സമയം കണ്ടെത്തേണ്ടതുണ്ടത്തണം. കുട്ടികൾക്ക് സ്വയം തിരിച്ചറിയാൻ കഴിയാത്ത പ്രശ്നങ്ങളുണ്ട്. അവർക്ക് തോന്നുന്നപോലെ പ്രവർത്തിയ്ക്കും എന്നല്ലാതെ പിന്നീടുള്ള കാര്യങ്ങളെപ്പറ്റി ഭൂരിഭാഗം പേർക്കും വലിയ അറിവൊന്നും ഉണ്ടാവില്ല. കഴിഞ്ഞ ദിവസം സുഹൃത്തിലെ കൊലപ്പെടുത്തിയ കേസിലെ വിദ്യാർത്ഥികൾ പ്രായം വെറും 16 ആയിരുന്നു.
"നിരവധി പരാതികൾ മെയിലുകളായും കോളുകളായും ദിവസവും എത്തുന്നുണ്ട്. പെട്ടന്ന് തീർപ്പാക്കേണ്ടത് ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കും. മെയിലും ഫോൺ നമ്പറും ഒന്നും അറിയാത്ത എത്രയോ സ്ത്രീകൾ ഉണ്ടാകും എന്നാണ് ഇപ്പോൾ ചിന്തിയ്ക്കുന്നത്.കുട്ടികളുമായി ബന്ധപ്പെട്ട പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇനി ലോക്ക് ഡൗണിന് ശേഷമേ അത് തിരിച്ചറിയാൻ കഴിയു. തൃശ്ശൂർ ചാരായം വാറ്റാൻ ഭാര്യയേയും മകളേയും പുറത്തിറക്കി വിട്ട സംഭവം നടന്നിരുന്നു.വലിയ സൗകര്യമുള്ളവർക്ക് മറ്റൊരു മുറിയിൽ മാറി ഇരിക്കുകയെങ്കിലും ചെയ്യാം. അത് പോലും ഇല്ലാത്ത എത്ര സാധാരണക്കാർ ഉണ്ട്. സാമ്പത്തിക പ്രശ്നവും മദ്യപിക്കാൻ കഴിയാത്തതും ഒക്കെ പ്രശ്നത്തിന് കാരണമാകുന്നുണ്ട്. "
ഷാഹിദ കമാൽ
(വനിതാ കമ്മീഷൻ അംഗം)
"കുട്ടികളേയും മുതിർന്നവർ പരിഗണിക്കണം. പ്രത്യേകിച്ച് കൗമാരക്കാരായ കുട്ടികൾ. അവരിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുന്ന സമയമാണിത്. ഈ സമയത്താണ് അവരെ മനസിലാക്കാൻ കൂടുതൽ സമയം കിട്ടുന്നത്. "
ജെയ്സി
(സൈക്കോളജിസ്റ്റ്)