കോന്നി : കുസൃതിക്കുറുമ്പുകൾകാട്ടി വിദേശികൾ ഉൾപ്പടെയുള്ള വിനോദ സഞ്ചാരികളുടെ മനം കവർന്നിരുന്ന

കോന്നി ആനത്താവളത്തിലെ കുട്ടിക്കൊമ്പൻ പിഞ്ചു ഗുരുതരാവസ്ഥയിൽ. കാലിലെ അസഹ്യ വേദനമൂലം എഴുന്നേ​റ്റ് നിൽക്കാൻ പോലും കഴിയാത്ത പിഞ്ചുവിന്റെ ശരീരം പൊട്ടി വ്രണങ്ങൾ രൂപപ്പെടുന്ന നിലയിലാണ്. മാസങ്ങളായി വിദഗ്ദ്ധ ചികിത്സ നൽകുന്നുണ്ടെങ്കിലും ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടാകാത്തത് ആശങ്കകൾ ഉയർത്തുന്നുണ്ട്.

വനം മന്ത്രി കെ.രാജുവിന്റെയും കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെയും നിർദ്ദേശ പ്രകാരം

ചീഫ് ഫോറസ്​റ്റ് വെ​റ്ററിനറി ഓഫീസർ ഡോ.ഈശ്വർ,ഡോ.പി.അജിത് എന്നിവരുൾപെടുന്ന സംഘം രണ്ടുമാസമായി പിഞ്ചുവിന് വിദഗ്ദ്ധ ചികിത്സ നൽകുന്നുണ്ടെങ്കിലും കുട്ടിക്കൊമ്പന്റെ നില ഓരോ ദിവസവും വഷളാകുകയാണ്. നിലവിൽ ആനത്താവളത്തിന്റെ ചുമതലയുള്ള ഡോക്ടറുടെ നിർദ്ദേശ പ്രകാരം വനം വകുപ്പാണ് ചികിത്സ നൽകുന്നത്.ലോക് ഡൗൺ ആയതിനാൽ വിദഗ്ദ്ധർ ഇവിടേക്ക് എത്തുന്നുമില്ല.

ഇടുപ്പെല്ലിന്റെ കുഴയോ കാലിലെ നഖമോ വില്ലൻ......??

ഇടുപ്പെല്ലു ഭാഗത്തെ കുഴ തെ​റ്റിയാണ് ഇടതുകാൽ മുട്ടിന് വേദന തുടങ്ങിയതെന്നാണ് പുതിയ കണ്ടെത്തൽ.ഈ കാലിന് ബലം കൊടുക്കാതെ നിന്നതോടെ മറുകാലിനും വേദന തുടങ്ങുകയും വീണുപോവുകയുമായിരുന്നു. ഇതേ തുടന്ന് യന്ത്ര സഹായത്തോടെ ബെൽ​റ്റിട്ട് എഴുന്നേൽപ്പിച്ചെങ്കിലും വീണ്ടും കിടപ്പിലായി.ഉയർത്താനായി ബെൽ​റ്റിട്ട ഭാഗങ്ങളിൽ തൊലിപൊട്ടി ഇപ്പോൾ വ്രണങ്ങൾ രൂപപ്പെട്ട നിലയിലാണ്.വയറിന്റെ ഒരുവശംനീളത്തിൽ മുറിഞ്ഞിട്ടുണ്ട്. സാധാരണ ആനകളെ അപേക്ഷിച്ച് ഇടതുകാലിൽ രണ്ട് നഖങ്ങൾ അധികമാണ് പിഞ്ചുവിന്.ഇത്മൂലം നടക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതയാണ് ഇടതുകാലിന് കടുത്ത വേദനയും നീരും ഉണ്ടാക്കുന്നതെന്നായിരുന്നു മുൻ നിഗമനം.

പിഞ്ചു ഉറങ്ങിയിട്ട് ആഴ്ചകൾ

ക്ഷീണാവസ്ഥയും അസഹ്യമായ വേദനയും കാരണം ആഴ്ച്ചകളായി കുട്ടിയാന ഉറങ്ങിയിട്ടില്ലെന്ന് ചില ജീവനക്കാർ വ്യക്തമാക്കുന്നു.ടെലി വെ​റ്ററിനറി യൂണി​റ്റ് ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇപ്പോൾ ചികിത്സ.ചെറിയ കുളം നിർമ്മിച്ച് ജല ചികിത്സയും നടത്തിയിരുന്നു.കൊവിഡിനെ തുടർന്ന് ആനത്താവളം അടച്ചിട്ടിരിക്കുന്നതാനാൽ ഒരുമാസമായി സന്ദർശകർക്ക് ഇവിടേക്ക് പ്രവേശനമില്ല.

നാലു വയസുകാരനായ പിഞ്ചുവിനെ 2016ൽ അച്ചൻകോവിൽ വനമേഖലയിലെ കടമ്പുപാറയിൽ നിന്ന് കൂട്ടം തെ​റ്റിയാണ് വനംവകുപ്പിന് ലഭിച്ചത്.2017ൽ പിഞ്ചുവിന് ഹെർപിസ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയും വനംവകുപ്പിന്റെ മികച്ച ചികിത്സയും സംരക്ഷണവും കൊണ്ട് ആനകുട്ടി രക്ഷപെടുകയുമായിരുന്നു.പിന്നാലെയാണ് കാലിലെ നീര് വീണ്ടും പിഞ്ചുവിനെ വേട്ടയാടിയത്.