അടൂർ : ആന്ധ്രയിൽ നിന്നും അരിചാക്കിന്റെ മറവിൽ ടോറസ് ലോറിയിൽകൊണ്ടുവന്ന 10 കിലോ കഞ്ചാവ് എക്സ്സൈസ് പിടികൂടി. അടൂർ ബൈപാസിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് അടൂർ എക്സൈസ് ഇൻസ്പെക്ടർ ഇ.കെ.റജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന കഞ്ചാവ് ചില്ലറവിൽപ്പന നടത്തിയാൽ പത്തിരട്ടിയോളം രൂപ ലഭിക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എൻ.കെ.മോഹൻദാസ് പറഞ്ഞു. ലോറി ഡ്രൈവർമാരായ മധുര ഉശലാംപട്ടി സ്വദേശി രമേഷ് (42), തിരുനൽവേലി അമ്പാസമുദ്രം സ്വദേശി തങ്കരാജ് (49) എന്നിവർ അറസ്റ്റിലായി. ടോറസ് ലോറിയും കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ സീറ്റിന് പിന്നിലായുള്ള ടൂൾസ് ബോക്സിൽരണ്ട്
കിലോ വീതമുള്ള സുരക്ഷിത പായ്ക്കറ്റുകളാക്കിയാണ് കൊണ്ടുവന്നത്.അരി കായംകുളം, ശാസ്താംകോട്ട കാരാളിമുക്ക്,ഭരണിക്കാവ് എന്നിവിടങ്ങളിൽ ഇറക്കിയശേഷം കഞ്ചാവ് അടൂരിൽവച്ച് കൈമാറി തമിഴ്നാട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. ചെവ്വാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഘത്തെ പിടികൂടിയത്.എക്സൈസ് ഡെപ്യൂട്ടികമ്മീഷണർ എൻ.കെ.മോഹൻകുമാർ,അസി.കമ്മീഷണർ മാത്യൂ ജോർജ്ജ്,സ്ക്വാഡ് സി.ഐ ഒ.പ്രസാദ് എന്നിവർ അടൂരിലെത്തി പ്രതികളെ വിശദമായി ചോദ്യം ചെയ്തെങ്കിലും ആർക്കുവേണ്ടി കൊണ്ടുവന്നതാണെന്ന വിവരം ലഭിച്ചിട്ടില്ല.സിവിൽ എക്സൈസ് ഓഫീസർമാരായ സി. ഇ. ഉണ്ണികൃഷ്ണൻ,റിയാസ് മോൻ,ഹരിഹരൻ ഉണ്ണി,അരുൺ,പ്രിവന്റക്ലവ് ഓഫീസർമാരായ ബിനു, മനോജ്, പ്രഭാകരൻപിള്ള,ഡ്രൈവർ റംജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രതികളെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.