fire-force

പത്തനംതിട്ട : കാലിലെ അസ്ഥികൾ തേഞ്ഞ് എഴുന്നേൽക്കാൻ കഴിയാതെ ദുരിതം അനുഭവിച്ച യുവാവിന് വീൽ ചെയർ എത്തിച്ച് ഫയർഫോഴ്‌സ്.കോന്നി അതുമ്പുംകുളം ഈശ്വരൻ പറമ്പിൽ സനലിനാണ് പത്തനംതിട്ട ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ വീൽചെയർ എത്തിച്ചു നൽകിയത്. അസ്ഥി പൊടിയുന്ന അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്ന സനലിന്റെ കിഡ്‌നികൾക്കും അസുഖം ബാധിച്ചു. ഇതോടെ ഡയാലിസിസ് ആവശ്യമായി വന്നു.എഴുന്നേൽക്കാൻ കഴിയാതെ അവശത അനുഭവിച്ച സനൽ ഒരു വീൽ ചെയർ ലഭിക്കുന്നതിന് സഹായം ആവശ്യപ്പെട്ട് പത്തനംതിട്ട ഫയർഫോഴ്‌സിൽ സിവിൽ ഡിഫൻസ് വോളണ്ടിയറായി പ്രവർത്തിക്കുന്ന ബിജു കുമ്പഴയെ സമീപിക്കുകയായിരുന്നു.സനലിന്റെ ആവശ്യമറിഞ്ഞ ഫയർഫോഴ്സ് സ്‌പോൺസർഷിപ്പിനായി സാമൂഹ്യ പ്രവർത്തക സൽക്കല വാസുദേവുമായി ബന്ധപ്പെടുകയും വീൽ ചെയർ പത്തനംതിട്ട ഫയർഫോഴ്‌സ് ഓഫീസിൽ എത്തിക്കുകയും ചെയ്തു.ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ സജികുമാർ,എ.കെ.അനു,സജിലാൽ എന്നിവരുടെയും സിവിൽ ഡിഫൻസ് വോളണ്ടിയർമാരായ ബിജു കുമ്പഴ,ദീപു കോന്നി,അൻസാരി എന്നിവരുടെയും സഹായത്തോടെ വീൽ ചെയർ സനലിന്റെ വീട്ടിൽ എത്തിച്ച് നൽകി.കൂടാതെ അരിയും,പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റും നൽകി. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബത്തിൽ അമ്മയും ഭാര്യയും കുഞ്ഞുമാണ് സനലിനൊപ്പം ഉള്ളത്.