sinkona
സിങ്കോണ

കോന്നി: പഴയ മലമ്പനി നാളുകളുടെ ഒാർമ്മപേറുന്നവരുണ്ട് ഇൗ കൊവിഡ് കാലത്ത്. ഇപ്പോഴുള്ളതിന്റെ പതിൻമടങ്ങ് ആശങ്ക നിറഞ്ഞ നാളുകളായിരുന്നു അന്ന് . ബ്രിട്ടീഷ് ഭരണകാലമാണ്. മലമ്പനിയെ നേരിടാൻ അന്ന് നട്ടുവളർത്തിയത് ഒരു മരമായിരുന്നു. പേര്സിങ്കോണ. മലമ്പനി തടയാനുള്ള ക്വാനൈൻ എന്ന മരുന്ന് സിങ്കോണയിലുണ്ടെന്ന് കണ്ടെത്തിയതോടെയാണ് തിരുവിതാംകൂറിലെ വനങ്ങളിൽ സിങ്കോണ നട്ടുപിടിപ്പിച്ചത്. മരത്തിന്റെ പുറംതൊലിയിൽ നിന്നാണ് ക്വാനൈൻ വേർതിരിച്ചെടുത്തിരുന്നത്.

ദക്ഷിണേന്ത്യയിൽ നീലഗിരി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സിങ്കോണ മരങ്ങളുണ്ടായിരുന്നത് തിരുവിതാംകൂറിലായിരുന്നു. അന്നത്തെ ദിവാനായിരുന്ന ആയില്യം തിരുനാൾ രാമവർമ്മ നീലഗിരിയിൽ നിന്നാണ് തൈകൾ തിരുവിതാംകൂറിലെത്തിച്ചത്. 1862 ൽ തിരുവിതാംകൂർ റെസിഡന്റായിരുന്ന എഫ്.എം. മാൾട്ടിബിയ പീരുമേട്ടിൽ സിങ്കോണ കൃഷിയാരംഭിച്ചു. സിങ്കോണയുടെ സക്കിറു ബ്ര, മൈക്രാന്ത, പെറുവിനിയ, നൈറ്റിട, ഒഫീഷ്യനാലിസ്, കണ്ടമിനെ, കാലിസ്യ എന്നീയിനങ്ങളാണ് തിരുവിതാംകൂറിൽ കൃഷി ചെയ്തിരുന്നത്.

15 മുതൽ 25 വർഷം വരെയാവുമ്പോഴാണ് മരത്തിൽ നിന്ന് പുറം തൊലിയെടുത്തിരുന്നത്. 1869 ൽ സിങ്കോണ കൃഷി വ്യാപകമാക്കാൻ തിരുവിതാംകൂർ റസിഡന്റായിരുന്ന ബ്ലല്ലാർഡ് കർഷകർക്ക് തൈകൾ വിതരണം ചെയ്തതായും രേഖകളുണ്ട്.

---------------------

സിങ്കോണയുടെ പുറംതൊലിയിൽ നിന്ന് ക്വനൈൻ വികസിപ്പിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചതോടെ ലോകത്തെല്ലായിടത്തും സിങ്കോണ കൃഷി വ്യാപകമായിരുന്നു. ക്വാനൈൻ വേർതിരിച്ചെടുക്കുന്ന ഫാക്ടറികളും തിരുവിതാംകൂറിലുണ്ടായിരുന്നു.

അരുൺ ശശി,

മഹാത്മാഗാന്ധി സർവ്വകലാശാല

പരിസ്ഥിതി ശാസ്ത്രവിഭാഗം ഗവേഷകൻ

-------------------

തേക്കുവന്നു, സിങ്കോണ പോയി

1940 ൽ തിരുവിതാംകൂർ ശ്രീചിത്തിര സ്റ്റേറ്റ് കൗൺസിൽ മലേറിയയെ പ്രതിരോധിക്കാൻ സിങ്കോണകൃഷി പ്രോത്സാഹിപ്പിക്കാൻ നടപടികൾ സ്വീകരിച്ചു. 1934ൽ മലേറിയ അടക്കുള്ള രോഗങ്ങൾക്ക് പുതിയ ഔഷധമായ ക്ലോറൊക്വീൻ കണ്ടെത്തിതോടെ സിങ്കോണയുടെ പ്രാധാന്യം കുറഞ്ഞു. സർക്കാർ തേക്ക് കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകാൻ തുടങ്ങിതോടെ മെല്ലെ മെല്ലെ സിങ്കോണ വൃക്ഷങ്ങൾ നാട്ടിൽ നിന്ന് അപ്രത്യക്ഷമായി.