തിരുവല്ല: സംസ്ഥാനത്തേക്ക് പച്ചക്കറി എത്തുന്ന തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കൊറോണ വ്യാപിക്കുന്ന ഘട്ടത്തില്‍ ക്ഷാമം പരിഹരിക്കാൻ ഇരവിപേരൂര്‍ പഞ്ചായത്തില്‍ പച്ചക്കറി വ്യാപനത്തിനുള്ല പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.നിലവില്‍ പ്രവര്‍ത്തനക്ഷമമായ കുടുംബശ്രീ നഴ്സറിയിലൂടെ മുപ്പതിനായിരത്തോളം പച്ചക്കറി തൈകള്‍ ജനുവരി അവസാനം ഫെബ്രുവരി ആദ്യമായി വിതരണം ചെയ്ത് ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത് ഇപ്പോള്‍ വിളവെടുപ്പിന്‍റെ ഘട്ടത്തിലാണ്. രണ്ടാം ഘട്ടമായി കൃഷി വകുപ്പുമായി ചേര്‍ന്ന് പച്ചക്കറി വിത്തുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്ന പ്രവര്‍ത്തനവും പൂര്‍ത്തീകരിച്ചു. 17 വാര്‍ഡുകളിലായി 7000 പാക്കറ്റുകളാണ് വിതരണം ചെയ്തത്. ഇത് കൂടാതെ മേയ് 10ന് വിതരണത്തിന് സാദ്ധ്യമാകുന്ന തരത്തില്‍ 50,000 പച്ചക്കറി തൈകളാണ് തയാറാകുന്നത്.പച്ചമുളക്,ചീര,വെണ്ട,തക്കാളി,വെള്ളരി എന്നിവയാണ് നന്നൂരുള്ള നഴ്സറിയില്‍ പാകി കിളര്‍പ്പിക്കുന്നത്. വാര്‍ഷിക പദ്ധതിയുടെ ഭാഗമായി മറ്റൊരു നഴ്സറിയുടെ നിര്‍മ്മാണം നെല്ലിമലയില്‍ പൂര്‍ത്തീകരണത്തിലാണ്.ഇവിടെ നിന്നുള്ള 30,000 തൈകളുടെ വിതരണം മെയില്‍ ആരംഭിക്കാമെന്ന് കരുതുന്നതായി പ്രസിഡന്‍റ് അനസൂയദേവി അറിയിച്ചു.നന്നൂര്‍ നഴ്സറിയില്‍ നടന്ന വിത്ത് പാകലിന്‍റെ ഉദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു.വൈസ് പ്രസിഡന്‍റ് എന്‍.രാജീവ്,മെമ്പര്‍മാരായ വി.കെ ഓമനക്കുട്ടന്‍, സാബു ചക്കുംമൂട്ടില്‍,കൃഷി അസിസ്റ്റന്‍റ് അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.