body

കൊടുമൺ: വിദ്യാർത്ഥി കൊല്ലപ്പെട്ട അങ്ങാടിക്കൽ പ്രദേശത്തെ കാട് കയറിയ ഭാഗങ്ങൾ സാമൂഹ്യവിരുദ്ധർക്ക് താവളമാകുന്നു. 16കാരനായ അഖിലിനെ കൊലപ്പെടുത്താൻ സമപ്രായക്കാരായ കൂട്ടുകാർ തിരഞ്ഞെടുത്തതും കാടുകയറിയ വിജനമായ പ്രദേശമാണ്. അഖിലിനെ കൊന്ന് കുഴിച്ച് മൂടുന്നത് പ്രദേശവാസിയുടെ ശ്രദ്ധയിൽപ്പെട്ടതുകൊണ്ടുമാത്രമാണ് സംഭവം പുറംലോകമറിഞ്ഞത്. ഒരുപക്ഷെ, അഖിലിനെ കാണാതായെന്ന പരാതിയുമായി പൊലീസ് ദിവസങ്ങളോളം അന്വേഷിക്കേണ്ടിയിരുന്ന കേസാകുമായിരുന്നു ഇത്. അഖിലിന്റെ മൃതദേഹം കണ്ടെത്താനും കൊലപാതകമാണെന്ന് തെളിയാനും പ്രതികളെ കണ്ടുപിടിക്കാനും വൈകിപ്പോയേനെ.

മൃതദേഹം കണ്ടെത്തിയ ഭാഗം വിജനവും കാട് കയറിയതുമാണ്. വഴിവിളക്കുകളില്ല. പഞ്ചായത്ത് മുൻകൈയെടുത്ത് വഴിവിളക്കുകൾ സ്ഥാപിച്ചാൽ രണ്ട് മൂന്നു ദിവസങ്ങൾക്കുളളിൽ കേടാകും. സാമൂഹ്യവിരുദ്ധർ നശിപ്പിക്കുന്നതാണെന്ന് ആക്ഷേപമുണ്ട്. ഇവിടെ റോഡ് സൈഡിൽ രാത്രിയും പകലും വാഹനങ്ങൾ നിറുത്തിയിട്ട് മദ്യപാനവും മറ്റും നടക്കാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. റബർ തോട്ടങ്ങളിൽ ഒരാൾ പൊക്കത്തിലേറെ വളർന്നു നിൽക്കുന്ന കാട‌ുകളിൽ കാട്ടുപന്നികൾ വിഹരിക്കുന്നതിനാൽ നാട്ടുകാർ ആ ഭാഗങ്ങളിലേക്ക് പോകാറില്ല. ആരും ശ്രദ്ധിക്കില്ലെന്ന് കരുതിയാണ് അഖിലിനെ ഇൗ ഭാഗത്തേക്ക് വിളിച്ചു കൊണ്ടുവന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

സ്കൂൾ വിദ്യാർത്ഥികൾ ക്ളാസിൽ കയറാതെ ഇവിടെ തമ്പ‌ടിക്കാറുണ്ട്.

ആൾ താമസമില്ലാത്തതും പഴകിയതുമായ വീടുകളുടെ വിജനമായ പറമ്പുകളിലെ കാടുകൾ വൃത്തിയാക്കിയാൽ സാമൂഹ്യവിരുദ്ധ ശല്യം ഒരു പരിധി വരെ തടയാനാകും. വീട്ടുടമസ്ഥരെ കണ്ടെത്തി കാടുകൾ വൃത്തിയാക്കാൻ പഞ്ചായത്തും പൊലീസും നിർദേശം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പൊലീസിനും പഞ്ചായത്തിനും ചെയ്യാവുന്നത്


1. പ്രദേശത്ത് ആൾ താമസം ഇല്ലാത്ത ഭാഗത്തെ

കാട് തെളിക്കാൻ നടപടിയെടുക്കുക.
2. അപരിചിതരുടെ വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ

അനുവദിക്കരുത്.
4. പൊലീസ് പട്രോളിംഗ് കൂട്ടുക.

5. പ്രദേശത്തു കറങ്ങി നടക്കുന്നവർക്കും വാഹനം പാർക്ക്‌ ചെയ്ത് കിടക്കുന്നവർക്കും എതിരെ നടപടി സ്വീകരിക്കുക.
5. വഴി വിളക്കുകൾ പുനഃസ്ഥാപിക്കുക,

നശിപ്പിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക.

6. സ്കൂളുകൾക്ക് സമീപം പൊലീസ്, എക്സൈസ് വിഭാഗങ്ങളുടെ രഹസ്യ നിരീക്ഷണം ഏർപ്പെടുത്തുക.