@ കാർഷിക മത്സരത്തിന് 58 സി.ഡി.എസുകളിലെ വനിതകൾ.
@ കൃഷി ചെയ്യുന്നത് ചീര, പയർ, വെണ്ട, പാവൽ, വഴുതന.
@ വിളവെടുപ്പ് ജൂലൈ 15 മുതൽ 25 വരെ
@ ഒന്നാം സമ്മാനം 2000രൂപ, രണ്ടാം സമ്മാനം 1000.
പത്തനംതിട്ട: കൊവിഡ് കാലത്ത് മണ്ണിനോടും കൃഷിയോടുമുള്ള സ്നേഹം ഊട്ടിയുറപ്പിക്കുകയാണ് ജില്ലയിൽ കുടുംബശ്രീ അയൽക്കൂട്ട വനിതകൾ. 'എന്റെ കൃഷി, എന്റെ ആരോഗ്യം, ഒപ്പം നിങ്ങളുടെയും' എന്നാണ് സന്ദേശം. പച്ചക്കറി കൃഷി ചെയ്ത് കാർഷിക മത്സരത്തിന് തയ്യാറെടുക്കുകയാണ് അയൽക്കൂട്ടം വനിതകൾ. ജൈവപച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്ത ഭവനങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ജില്ലയിലെ 58 സി.ഡി.എസുകളിലെ അയൽക്കൂട്ട വനിതകളാണ് കാർഷിക മത്സരത്തിൽ പങ്കെടുക്കുന്നത്. സാമൂഹിക അകലം പാലിക്കുന്നതിനാൽ സംഘം ചേർന്നുള്ള കൃഷി ഒഴിവാക്കി. ഓരോ അയൽക്കൂട്ട അംഗവും സ്വന്തം വീട്ടുവളപ്പിൽ കൃഷി ചെയ്യണം. ഒന്നു മുതൽ 10 സെന്റ് സ്ഥലം വരെയുള്ള സ്ഥലത്ത് ജൈവക്കൃഷിക്കു പ്രാധാന്യം നൽകി കുറഞ്ഞത് അഞ്ചിനം പച്ചക്കറികളെങ്കിലും കൃഷി ചെയ്യണം.
ഏറ്റവും കൂടുതൽ ഉൽപാദനം കൈവരിക്കുന്ന വനിതകളെ മികച്ച കർഷകരായി തിരഞ്ഞെടുക്കും. കൃഷി ചെയ്യുന്നതിനുള്ള വിത്ത് കൃഷിവകുപ്പിൽ നിന്ന് കുടുംബശ്രീ ലഭ്യമാക്കും. ചീര, പയർ, വെണ്ട, പാവൽ, വഴുതന എന്നിവയുടെ വിത്തുകളാണ് നൽകുന്നത്.
അയൽക്കൂട്ട വനിതകൾ മത്സരത്തിന് സ്വന്തം വീട്ടുവളപ്പിൽ കൃഷിക്കായി നിലമൊരുക്കൽ പൂർത്തിയാക്കിയിട്ടുണ്ട്. ഇനി വിത്തിടീൽ ചടങ്ങാണ്. വിത്തിടീലിനു ശേഷം കൃഷിയിറക്കിയ അയൽക്കൂട്ട അംഗങ്ങളുടെ വിവരങ്ങൾ എ.ഡി.എസ് അംഗങ്ങൾ മുഖേന സി.ഡി.എസിനു കൈമാറും. തുടർന്ന് വിവരങ്ങൾ ജില്ലാ മിഷന് കൈമാറും. ജൂലൈ 15 മുതൽ 25 വരെ വിളവെടുപ്പു നടത്തും. ഓരോ സി.ഡി.എസിൽ നിന്നും രണ്ടു വീതം മികച്ച കർഷകയെ കണ്ടെത്തും. ഒന്നാം സ്ഥാനം നേടുന്ന കർഷകയ്ക്ക് 2000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 1000 രൂപയും സമ്മാനം നൽകും. കാർഷിക മത്സരത്തിൽ ഏറ്റവും കൂടുതൽ അയൽക്കൂട്ട വനിതകള പങ്കെടുപ്പിക്കുന്നവരെ മികച്ച സി.ഡി.എസായും തിരഞ്ഞെടുക്കും. ആഗസ്റ്റ് ഒന്നിനാണ് ഇതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ്.
ക്യാമ്പയിന്റെ ഉദ്ഘാടനം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ മാത്യു.ടി.തോമസ് എം.എൽ.എ നിർവഹിച്ചു. കുടുംബശ്രീ പ്രവർത്തകർക്ക് പച്ചക്കറി വിത്തുകൾ വീണാ ജോർജ് എം.എൽ.എ വിതരണം ചെയ്തു.