പത്തനംതിട്ട : ലോക്ക് ഡൗണിൽ പൂർണമായും കുരുക്കിലായത് സ്വകാര്യ ബസുകളാണ്. ലോക്ക് ഡൗൺ തുടങ്ങുന്നതിന് മുമ്പേ ജില്ലയിൽ സ്വകാര്യ ബസുകൾ ഇരുപത് ശതമാനം മാത്രമേ സർവീസ് നടത്തിയിരുന്നുള്ളു. മാർച്ച് 8ന് ജില്ലയിൽ കൊവിഡ് പോസിറ്റീവായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ജനങ്ങൾ പുറത്തിറങ്ങാതായി. അതോടെ സ്വകാര്യ ബസുകളിൽ യാത്രക്കാരും കുറഞ്ഞു. വീണ്ടും രോഗികൾ വർദ്ധിച്ചതോടെ കർഫ്യൂ, ലോക്ക് ഡൗൺ പ്രഖ്യാപനം. ഇതോടെ പൂർണമായും സർവീസ് നിറുത്തലാക്കി. തുടർന്നങ്ങോട്ട് ഉടമകളും തൊഴിലാളികളും ഒരു പോലെ ദുരിതത്തിലായി. ഇൻഷുറൻസും ടാക്സും അടയ്ക്കാൻ സാവകാശം നൽകിയെങ്കിലും അടച്ച് തീർക്കാൻ വലിയ നഷ്ടം സഹിക്കേണ്ടി വന്നു. തൊഴിലാളികളാകട്ടെ തൊഴിലും ഇല്ലാതായി.

 ജില്ലയിൽ 368 ബസ് , 120 ബസ് ഉടമകൾ, 2000ൽ അധികം ജീവനക്കാർ

കട്ടപ്പുറത്തായ സ്വകാര്യ ബസുകൾ

സർവീസ് നടത്താതായതോടെ ബസുകളുടെ കേടുപാടുകളും കൂടി. നിരന്തരം സർവീസ് നടത്തിയിരുന്ന ബസുകൾ നിരത്തിലിറക്കാതായതോടെ എൻജിനും ടയറും ബാറ്ററിയും നശിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയും സർവീസിന് അനുമതി ലഭിച്ചാൽ തന്നെ എത്ര ബസുകൾ റോഡിലിറങ്ങും എന്ന് കണ്ടറിയണം.

താത്കാലികമായി സർവീസ് നിറുത്തുന്നു

ആകെ 368 ബസുകളാണ് ജില്ലയിലുള്ളത്. ഇതിൽ മുന്നൂറിലധികം ബസുകൾക്കും ജി.ഫോം നൽകാൻ തയാറെടുക്കുകയാണ് സ്വകാര്യ ബസുടമകൾ. താൽക്കാലികമായി സർവീസ് അവസാനിപ്പിക്കുന്നതിനുള്ള അപേക്ഷയാണിത്. ഉടമയ്ക്ക് ഒരു വർഷം വരെ ഇങ്ങനെ സർവീസ് നിറുത്തിവയ്ക്കാം. കാലയളവിൽ എപ്പോൾ വേണമെങ്കിലും ഇത് പിൻവലിക്കുകയും ചെയ്യാം. 120 ബസ് ഉടമകൾ ജില്ലയിലുണ്ട്. ഒരു ബസ് മുതൽ 36 ബസ് വരെയുള്ളവർ ജില്ലയിലുണ്ട്.

ഇളവുകൾ നൽകാതെ ഇനിയും പിടിച്ച് നിൽക്കാൻ കഴിയില്ല. ഈ മേഖലയിൽ വർഷങ്ങളായി നിലനിൽക്കുന്നവരുണ്ട്. അവർക്ക് വലിയൊരു തിരിച്ചടിയായിരുന്നു ഇത്. ആരെയും കുറ്റപ്പെടുത്താൻ പോലും കഴിയാത്ത അവസ്ഥയാണ്. പുതിയ പാക്കേജ് നടപ്പിലാക്കിയോ മാത്രമേ ഈ പ്രതിസന്ധി അതി ജീവിക്കാൻ കഴിയു. ജില്ലയിലെ ഭൂരിഭാഗം ബസുകളും ജി. ഫോം നൽകും. വേറെ വഴിയില്ല. "

ലാലു മാത്യു

സ്വകാര്യ ബസ് ഉടമ