പത്തനംതിട്ട : ലോക്ക് ഡൗൺ കാലത്ത് ചക്ക മാഹാത്മ്യത്തെക്കുറിച്ച് ആളുകൾ വാതോരാതെ പറയുമ്പോൾ ചക്കക്കവിതകളെഴുതുകയാണ് മലയാലപ്പുഴ അഭിനവം വീട്ടിലിരുന്ന് റെജി മലയാലപ്പുഴ. അദ്ധ്യാപകനും ബാലസാഹിത്യകാരനുമായ റെജിക്ക് ചക്കയെക്കുറിച്ച് കുട്ടികളോട് പറയാനുള്ളതെല്ലാം കവിതകളിലുണ്ട്.
നേരത്തെ റോഡിലും പറമ്പിലും ചക്ക പഴുത്തു വീണുകിടന്നിരുന്ന കാഴ്ച ഇപ്പോഴില്ല. പഴുക്കുന്നതിന് മുമ്പുതന്നെ ആളുകൾ അകത്താക്കിയിരിക്കും എന്നതുതന്നെ കാരണം. അത്രയ്ക്കുണ്ട് പ്രിയം. .
ക്ഷാമകാലത്ത് വയർ നിറയ്ക്കാൻ ചക്കയോളം വരുന്ന മറ്റൊന്നില്ലെന്ന് റെജി പറയുന്നു. വിഷപ്രയോഗമില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചക്കയുടെ ഒരുഭാഗവും കളയാനുമില്ല.
'ചക്കപിളർന്നു ചുളയടർത്തി
ചുളയും തുരന്നു കുരുവെടുത്തു
ചക്കക്കുരുവിന്റെ മേളമായി
എണ്ണിപ്പെറുക്കിയെടുത്തു വച്ചു
ചക്കപ്പുഴുക്കങ്ങൊരുങ്ങി വേഗം ' എന്നുതുടങ്ങുന്നു ഒരു കവിത..
ചക്ക പ്ലാവിൽ നിന്ന് പറിക്കുന്നത് മുതൽ തീൻമേശയിലെത്തുന്ന വരെയുള്ള കാര്യങ്ങളാണ് ഇൗ ' കവിതയിൽ .
'ചക്ക വിളഞ്ഞതു കണ്ടപ്പോൾ
ചക്കിക്കെന്തൊരുസന്തോഷം
ചക്കയടർത്തുക ചെക്കാ നീ
ചക്കപ്പുഴുക്ക്, എരിശേരി,
ചക്കയട, പിന്നുപ്പേരി
ഒക്കെയുമിപ്പോഴുണ്ടാക്കാം '
എന്നുതുടങ്ങുന്നു മറ്റൊരു കവിത.
ചക്കേ.. ചക്കരേ, അവധി, കുഞ്ഞാട് തുടങ്ങിയ കവിതകളിലൂടെ ചക്കയുടെ പ്രാധാന്യം കുട്ടികളെ അറിയിക്കുകയാണ് റെജി. പുതിയ തലമുറയ്ക്ക് നാടൻ ഭക്ഷണശീലങ്ങളോടുള്ള അകൽച്ച മാറേണ്ടതാണെന്നും അതിന് ഇത്തരത്തിലുള്ള കുട്ടിക്കവിതകൾ സഹായിക്കുമെന്നും റെജി പറയുന്നു.
ഭാര്യ ലൈലയും മക്കളായ നവീനും നീരജു ഉൾപ്പെടുന്ന കുടുംബം എഴുത്തുവഴിയിൽ കൂട്ടിനുണ്ട്. കവിതകളും കഥകളുമായി റെജിയുടെ ബാലസാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്തെ ചക്കക്കവിതകളും സമാഹരിക്കാനുള്ള ശ്രമത്തിലാണ് റെജി