raid

തിരുവല്ല: നഗരസഭയിലും സമീപ പ്രദേശങ്ങളിലും സംയുക്ത സ്‌ക്വാഡ് നടത്തിയ റെയ്ഡിൽ 50 കിലോ പഴകിയ മത്സ്യങ്ങൾ പിടികൂടി. വിൽപ്പനയ്ക്കായി കഷണങ്ങളാക്കി മുറിച്ചു സൂക്ഷിച്ചിരുന്ന 17 കിലോ തള, 20 കിലോ ചൂര, 13 കിലോ കൂരി തുടങ്ങിയ മത്സ്യങ്ങളാണ് പിടികൂടിയത്. ലോക്ക് ഡൗണിനെ തുടർന്ന് വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ വാഹനങ്ങളിലും വഴിയോരങ്ങളിലും മറ്റും തുറന്നു പ്രവർത്തിച്ചിരുന്ന കടകളിലാണ് പരിശോധന നടത്തിയത്. മുത്തൂരിലെ കടയിൽ നിന്നാണ് കൂടുതൽ പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തത്. പിടികൂടിയ മത്സ്യങ്ങൾ പ്രത്യക്ഷത്തിൽ തന്നെ ചീഞ്ഞതാണെന്നു പരിശോധനയിൽ ബോധ്യപ്പെട്ടതായി ആരോഗ്യ വിഭാഗം അധികൃതർ പറഞ്ഞു. പഴകിയ മത്സ്യങ്ങൾ നശിപ്പിക്കാൻ നഗരസഭാ ആരോഗ്യവിഭാഗത്തെ ചുമതലപ്പെടുത്തി. യഥാസമയം അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര പതിപ്പിക്കാതിരുന്ന സ്ഥാപനങ്ങളിൽ നിന്നും 6000 രൂപാ പിഴയും ഈടാക്കി. തിരുവല്ല സബ് കളക്ടർ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തിൽ റവന്യു സീനിയർ സൂപ്രണ്ട് എസ്.റജീന, ജൂനിയർ സൂപ്രണ്ട് പി.എ.സുനിൽ, മുൻസിപ്പൽ ആരോഗ്യവിഭാഗം ഇൻസ്‌പെക്ടർമാരായ അജി എസ്. കുമാർ, ഷാജഹാൻ, ഫുഡ് സേഫ്റ്റി ഓഫീസർ എസ്. പ്രശാന്ത്, ഫിഷറീസ് സബ് ഇൻസ്‌പെക്ടർ ഉല്ലാസ്, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ സ്മിത എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് സംഘടിപ്പിച്ചത്.

വൻ `സ്രാവുകളെ` ഒഴിവാക്കിയെന്ന് ആക്ഷേപം
ചെറുകിട, ഇടത്തരം കച്ചവടക്കാർക്ക് മത്സ്യങ്ങൾ എത്തിച്ചു നൽകുന്ന വൻകിട മത്സ്യ വ്യാപാരികളെ റെയ്ഡിൽ ഒഴിവാക്കിയതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ വിദൂരങ്ങളിൽ നിന്നും കണ്ടെയ്‌നർ വാഹനത്തിൽ വൻകിട വ്യാപാരികൾ പാതിരാത്രിയിൽ തിരുവല്ലയിലെത്തും. ഇവർ പുലർച്ചേതന്നെ ചെറുകിട കച്ചവടക്കാർക്ക് മത്സ്യം എത്തിച്ചു വിൽപ്പന നടത്തി നേരം വെളുക്കും മുമ്പേ മടങ്ങും. ഇതിനുശേഷമാണ് ചെറുകിട വ്യാപാരികൾ വിൽപ്പനയ്ക്കായി പുറത്തിറങ്ങുന്നത്. ഈസമയമാണ് മിക്കപ്പോഴും അധികൃതർ പരിശോധനയ്ക്ക് എത്തുന്നത്. ഇതുകാരണം വൻ കിടക്കാർ റെയ്ഡിൽ നിന്ന് രക്ഷപ്പെടുകയാണ് പതിവ്. മീൻ കേടുകൂടാതിരിക്കാൻ ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി മുമ്പ് തിരുവല്ലയിൽ നിന്ന് പിടിച്ചെടുത്ത മത്സ്യങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.