raju
മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയിലെ വായ്പാ തുക നെടുമ്പ്രം, മെഴുവേലി സിഡിഎസ് ചെയർപേഴ്‌സൺമാരായ പി.കെ. സുജ, ശ്രീലത വിശ്വനാഥൻ എന്നിവർക്ക് മന്ത്രി കെ രാജു കൈമാറുന്നു

പത്തനംതിട്ട : കുടുംബശ്രീ മുഖേന നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയിൽ ജില്ലയ്ക്ക് 91 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി കെ. രാജു പറഞ്ഞു. മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക പാക്കേജിൽ ഉൾപ്പെട്ട വായ്പാ പദ്ധതിയാണിത്. ലോക് ഡൗൺ മൂലം ഉണ്ടാകാവുന്ന തൊഴിൽ നഷ്ടവും അതിന്റെ തുടർച്ചയായുണ്ടാകുന്ന സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് സാധാരണക്കാർക്ക് അടിയന്തര വായ്പാ സഹായം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പലിശരഹിത വായ്പയാണിത്. മുപ്പത്തിയാറ് മാസമാണ് വായ്പാ കാലാവധി.
നെടുമ്പ്രം സഹകരണ ബാങ്കും കേരള ഗ്രാമീൺ ബാങ്ക് ഇലവുംതിട്ട ബ്രാഞ്ചുമാണ് അയൽക്കൂട്ടങ്ങൾക്ക് വായ്പ അനുവദിച്ചത്. കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. നെടുമ്പ്രം, മെഴുവേലി സി.ഡി.എസ് ചെയർപേഴ്‌സൺമാരായ പി.കെ. സുജ, ശ്രീലത വിശ്വനാഥൻ എന്നിവർക്ക് വായ്പാ തുക മന്ത്രി കൈമാറി.
അയൽക്കൂട്ട വനിതകൾക്കായി എന്റെ കൃഷി എന്റെ ആരോഗ്യം ഒപ്പം നിങ്ങളുടെയും കാർഷിക മത്സര കാമ്പയിനിന്റെ ഉദ്ഘാടനം രാജു എബ്രഹാം എം.എൽ.എ ചിറ്റയം ഗോപകുമാർ എംഎൽഎയ്ക്ക് വിത്ത് കിറ്റ് നൽകി നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ ഫേസ്ബുക്ക് പേജ് ഉദ്ഘാടനം ജില്ലാ കളക്ടർ പി.ബി.നൂഹ് നിർവഹിച്ചു.
മാത്യു ടിതോമസ് എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ലീഡ് ബാങ്ക് മാനേജർ വി.വിജയകുമാരൻ, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ എം.ജി. പ്രമീള, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.വിധു, അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എ. മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.