പന്തളം : തുമ്പമൺ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട വ്യക്തിഗത കുടുംബ ഗുണഭോക്താക്കൾ വിവിധ പദ്ധതികൾ പൂർത്തീകരിച്ചിട്ടും പണം ലഭിക്കാതെ ദുരിതത്തിൽ. പട്ടികജാതി , ബി.പി.എൽ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾ തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, കിണർനിർമ്മാണം എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾ കാത്തിരിന്നിട്ടും പണം ലഭിച്ചിട്ടില്ല. കൂടാതെ അർദ്ധ വിദഗ്ദ്ധ, വിദഗ്ദധ തൊഴിലാളികളായി പണി എടുത്തവരുടെയും പ്രതിദിനം ഉള്ള കൂലിയും ലഭിച്ചിട്ടില്ല. കാലിത്തൊഴുത്ത് നിർമ്മാണത്തിന് 1 ലക്ഷം രൂപയും ആട്ടിൻകൂട് നിർമ്മാണത്തിന് 45000 രൂപയും കോഴിക്കൂട് നിർമ്മാണത്തിന് 45000 രൂപയും കിണർ നിർമ്മാണത്തിന് 35000 രൂപയും ഓരോ ഗുണഭോക്താവിനും ലഭിക്കുവാനുണ്ട്. മാത്രമല്ല പദ്ധതിയിൽ ചേർന്ന് വീടുകളിലെ ജൈവമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി കമ്പോസ്റ്റ് പിറ്റുകൾ നിർമ്മിച്ച് നൽകിയതിന്റെ നിർമ്മാണച്ചെലവും സാധനങ്ങളുടെ വിലയും ചേർന്നുള്ള തുക ഒരു ഗുണഭോക്താവിനും ലഭിച്ചില്ല. 10000 രൂപയാണ് നിർമ്മാണം പൂർത്തിയായതിന് ശേഷം ഗുണഭോക്താവിന് നൽകേണ്ടിയിരുന്നത്.
മുൻവർഷത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ഗ്രാമീണ റോഡുകളുടെ സാധനസാമഗ്രികളുടെ വിലയും തൊഴിലാളികളുടെ വേതനവും നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ 2020- 21 സാമ്പത്തിക വർഷത്തിൽ ഏറ്റെടുക്കാവുന്ന പ്രവൃത്തികളിൽ ആസ്തി നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകേണ്ടെന്നും ലഭിക്കുവാനുള്ള 15 ലക്ഷം രൂപയിൽ അധികം ലഭിച്ചതിനുശേഷം ഭരണാനുമതി നൽകിയാൽ മതിയെന്നും ഗ്രാമപഞ്ചായത്ത് തീരുമാനിച്ചതായും ഇത് സംബന്ധിച്ച് മിഷൻ ഡയറക്ടർക്ക് നിവേദനം നൽകുന്നതിന് തീരുമാനിച്ചതായും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഖറിയ വർഗ്ഗീസ് പറഞ്ഞു.