അരുവാപ്പുലം: കൊവിഡ് കാലത്ത് ആദിവാസികൾക്ക് ഭക്ഷണസാധനങ്ങളും അത്യാവശ മരുന്നുകളുമെത്തിക്കുന്ന അഗ്‌നിരക്ഷാ സേനയിലെ ജനകീയ മുഖമായി മാറുന്ന സിവിൽ ഡിഫൻസ് സേനയുടെ പ്രവർത്തനം ശ്രദ്ധേയമാവുന്നു. അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ, കാട്ടാത്തി, തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറ തലമാനം, തണ്ണിത്തോട് എന്നീ വനാന്തര ആദിവാസി കോളനിയിയിലെ കുടുബങ്ങൾക്ക് ഭക്ഷണസാ ധനങ്ങളും മരുന്നുകളുമെത്തിച്ചു കൊണ്ടുള്ള പ്രവർത്തനം ആദിവാസി കുടുബങ്ങൾക്ക് ഏറെ ആശ്വാസമായി. മരുന്നുകളിൽ പലതും കൊച്ചിയിൽ നിന്നും കോട്ടയത്തുനിന്നുമാണെത്തിച്ച് നൽകിയത്. അഗ്‌നി രക്ഷാസേനയുടെ പ്രവർത്തനങ്ങൾ ജനങ്ങളുടെ ഇടയിലേക്ക് കൂടുതൽ വ്യാപിപ്പിക്കാനാണ് ഡിഫൻസ് സേന രൂപീകരിച്ചത്. വേതനം പറ്റാതെ സേവനം ചെയ്യുന്ന 42 അംഗങ്ങളാണ് കോന്നി അഗ്‌നി രക്ഷാ സേനയിലുള്ളത്. വിദ്യാർത്ഥികൾ, വിരമിച്ച ഉദ്യോഗസ്റ്റർ, കച്ചവടക്കാർ, സാമൂഹ്യ പ്രവർത്തകർ, വിരമിച്ച അദ്ധ്യാപകർ എന്നിവരാണ് അംഗങ്ങൾ. അപകടങ്ങളുണ്ടാവുന്ന സ്ഥലങ്ങളിൽ അഗ്‌നി രക്ഷാ സേനയെത്തുന്നതിന് മുൻപുള്ള പ്രാഥമിക കാര്യങ്ങൾ ഇവരാണ് ചെയ്യുന്നത്. ഇതിനുള്ള പരിശീലനവും ഇവർക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെങ്ങറ നാടുകാണിയിലുള്ള മാനസിക രോഗിയെ തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചതും ഇവരായിരുന്നു അസി.സ്റ്റേഷൻ ഓഫീസർ ലാൽജീവിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ ബിജു, റോബർട്ട് എന്നിവരും, സന്ധ്യ, ലിജു, ലിന്റൊ, ആര്യ, ശിൽപ്പ , ദുർഗ്ഗ, മോഹൻ, റോയി മാത്യു, അമൽ, ഉമേഷ് എന്നിവരുമാണ് പ്രധാന പ്രവർത്തകർ. .