ഇലവുംതിട്ട: നല്ലാനിക്കുന്നിലെ ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് കാല കിടത്തി ചികിത്സ വേണമെന്ന് ആവശ്യമുയരുന്നു. ലോക്ക് ഡൗൺ കാലമായിട്ടും 204 പേരാണ് ഒ.പിയിൽ ഇന്നലെ ചികിത്സയ്ക്ക് എത്തിയത്. കോറോണ രോഗ ഭീതി തുടങ്ങിയ ഫെബ്രവരി 15 മുതൽ വിവിധ രോഗങ്ങൾക്ക് ഇവിടെ ചികിത്സയ്ക്ക് എത്തിയവരുടെ ശരാശരി കണക്ക് പ്രതിദിനം 170 നും 200 നുമിടയിലാണ്. ലോക്ക് ഡൗൺ ആയതിനാൽ വാഹന സൗകര്യവുമില്ലാത്തതിനാൽ പത്തനംതിട്ട, കോഴഞ്ചേരി എന്നിവിടങ്ങളിൽ ചികിത്സയ്ക്ക് പോകാൻ കഴിയാത്ത ചെന്നീർക്കര, മെഴുവേലി, കുളനട പഞ്ചായത്തുകളിലെ മിക്ക രോഗികളും ആശ്രയിക്കുന്നത് നല്ലാനിക്കുന്ന് സർക്കാർ ആശുപത്രിയെയാണ്. പ്രവാസികൾ കൂടി എത്തുന്ന സാഹചര്യം മുന്നിൽക്കണ്ട് അടിയന്തര സംവിധാനങ്ങൾ ഒരുക്കി ഇവിടെ കിടത്തിചികിത്സ ആരംഭിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
നാല് ഡോക്ടർമാരുടെ സേവനവും 4 ഒബ്സർവേഷൻ ബെഡുകളും ഇപ്പോൾ ഉണ്ട്. ദിവസവും വൈകിട്ട് 6 വരെയാണ് പ്രവർത്തനം. ഇ.സി.ജി ലാബ് സൗകര്യം നിലവിലുളള ആതുരാലയത്തിൽ മൂന്ന് സ്റ്റാഫ് നേഴ്സ്, 2 ഫാർമസിസ്റ്റ്, രണ്ട് നേഴ്സിംഗ് അസിസ്റ്റന്റ്, 2 ലാബ് ടെക്നീഷൻ, 2 അറ്റൻഡർ, 1 ഹെൽത്ത് ഇൻസ്‌പെക്ടർ, 3 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിങ്ങനെയുളള ജീവനക്കാരാണുളളത്. കൊവിഡ് രോഗ കാലത്ത് ചെന്നീർക്കര പഞ്ചായത്തിൽ ഇതുവരെ 158 പേരാണ് വിദേശങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയത്.ഇതിൽ 80 പേരുടെ സ്രവം പരിശോധിച്ചു. പാലിയേറ്റീവ് സേവനമുളള 360 പേരാണ് ഉളളത്. ഇതിൽ 108 പേർക്ക് ആശ വർക്കർമാരെയും സന്നദ്ധ സേനയെയും ഉപയോഗിച്ച് വീട്ടിലെത്തി പരിചരണം നൽകുന്നു.