പന്തളം: നെൽകൃഷി വെള്ളത്തിലായതോടെ തുമ്പമൺ വിജയപുരം മാവര ഏലായിലെ കർഷകർ വലയുന്നു . 20 ഏക്കർ പാടശേഖരത്തിലെ കൊയ്യാൻ പാകമായ നെൽചെടികളാണ് നശിക്കുന്നത്. കനാൽ തുറന്നുവിട്ടതിന് പിന്നാലെ പെയ്ത മഴയാണ് പ്രശ്നമായത്. വി.കെ.സോമൻ കൃഷ്ണവിലാസം, ബാബു ജോർജ് തുണ്ടിൽ പുത്തൻവീട്, പ്രസന്നൻ കാരയ്ക്കാട് തെക്കേതിൽ, ലീലാമ്മ കളവട്ടയിൽ, കറുത്തകൊച്ച് കളവട്ടയിൽ, രാജൻ ജോർജ് തുണ്ടിൽ പുത്തൻവീട്, വിശ്വംഭരൻ സാജൻ ഭവനം ,രാജൻ നെയ്ത്ത് കാരറ്റയത്ത്, എന്നിവരുടെ കൃഷിയാണ് നശിക്കുന്നത്.

കൊയ്ത്ത് മെതിയന്ത്രം പാടത്ത് ഇറക്കി്യെങ്കിലും ചെളിയിലേക്ക് താഴുകയാണ് .വലിയ ചക്രമുള്ള യന്ത്രം എത്തിച്ചാൽ കൊയ്തെടുക്കാം. പക്ഷേ ഇതിന് ഡ്രൈവർമാരെ കിട്ടാനില്ല, തമിഴ് നാട്ടുകാരാണ് ഡ്രൈവർമാരിൽ കൂടുതൽ പേരും. കൊവിഡ് കാരണം അവർക്ക് ഇവിടെ എത്താൻ കഴിയുന്നില്ല.
കനാൽ അടയ്ക്കണമെന്ന് കർഷകരും തുമ്പമൺ കൃഷി ഓഫീസർ പുഷ്പയും നേരത്തെ ആവശ്യപ്പെട്ടെങ്കിലും കെ.ഐ.പി.അധികൃതർ തയ്യാറായില്ല.
കൃഷിക്ക് വിത്ത് മാത്രമാണ് സർക്കാർ സൗജന്യമായി നൽകിയത്.അനുബന്ധ ചെലവുകൾക്ക് ഹെക്ടറിന് 3750 രൂപ വിതം നൽകുമെന്ന് കൃഷി വകുപ്പ് അധികൃതർ പറഞ്ഞെങ്കിലും ലഭിച്ചിട്ടില്ല. 120 ദിവസം മൂപ്പും അത്യുത്പാദന ശേഷിയും നല്ല വിളവും ലഭിക്കുന്ന ഉമ ഇനത്തിൽപ്പെട്ട വിത്താണ് വിതച്ചത് .
ഇരുപത് ഏക്കറിൽ പകുതിയിലേറെ പാടം വർഷങ്ങളായി തരിശായി കിടന്നതാണ് . കഴിഞ്ഞ മൂന്ന് വർഷമായി കൃഷി ചെയ്യുന്നുണ്ട്. ഏക്കറിന് മുപ്പതിനായിരത്തോളം രൂപ വീതം ഇവർക്ക് ചെലവായി.

-----------------

വേണ്ടപ്പോൾ തുറക്കാത്ത കനാൽ

ജനുവരി ഫെബ്രുവരി മാസങ്ങളിൽ ഉണ്ടായ ശക്തമായ വേനലിൽ കൃഷിക്ക് ആവശ്യമായ ജലം ലഭിക്കാതെ വന്നപ്പോൾ കനാൽ തുറന്നുവിടണമെന്ന് കർഷകരും പഞ്ചായത്ത് അധികൃതരും ആവശ്യപ്പെട്ടങ്കിലും അന്ന് തുറന്നില്ല. ഒടുവിൽ കർഷകരും ഗ്രാമബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും അടൂർ കെ.ഐ.പി.ഓഫീസ് ഉപരോധിച്ചപ്പോഴാണ് നടപടി ഉണ്ടായത്.

--------------------

20 ഏക്കർ പാടം

കൊയ്ത്ത് മെതി യന്ത്രത്തിന് ഡ്രൈവർമാരെ കിട്ടാനില്ല

പണം നൽകാതെ കൃഷി വകുപ്പ്