റാന്നി : ശബരിമല ഉൾവനാന്തരങ്ങളിൽ കഴിയുന്ന ആദിവാസി കുട്ടികൾക്ക് വൈദ്യ പരിശോധനയും, തൊട്ടിലും, പുത്തൻ വസ്ത്രങ്ങളുമായ് കാഴ്ച നേത്രദാനസേന. കൊവിഡ് 19കാലത്ത് ജനിച്ച ഒന്നര മാസം പ്രായമായ പിഞ്ചു കുഞ്ഞിനടക്കം ഇരുപതോളം കുട്ടികൾക്കാണ് ഇവർ താമസിക്കുന്ന കുടിലുകളിൽ എത്തി ചികിത്സ നൽകിയത്.കൊച്ചി അസ്റ്റർ മെഡിസിറ്റിയിലെ കുട്ടികളുടെ വിഭാഗം ഡോക്ടറായ തോമസ് മാത്തൻ മാവേലിയാണ് കുട്ടികളെ ചികിത്സിച്ചത്. അട്ടത്തോട് മുട്ടുപുളി ഉൾവനത്തിലെ സുനിൽ ശകുന്തള ഏഴാമത്തെ കുട്ടിയാണ്. ഒന്നര മാസം മുൻപ് ജനിച്ചത്.കൊറാണക്കാലമായതോടെ ആശുപത്രിയിൽ എത്തി കുട്ടിയുടെ പരിശോധനയും, ചികിത്സയും നടത്തുവാൻ ഇവർക്ക് കഴിയാതെയായി. കഴിഞ്ഞ ദിവസം കാഴ്ച നേത്രദാന സേ നേതൃത്വത്തിൽ ഉൾവനങ്ങളിൽ കഴിയുന്ന 41 കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിച്ചിരുന്നു. ഇവിടെയുള്ള കുട്ടികളുടെ ദയനീയാവസ്ഥ നേരിട്ടു മനസിലാക്കിയ കാഴ്ച നേത്രദാന സേന ജനറൽ സെക്രട്ടറി അഡ്വ.റോഷൻ റോയി മാത്യുവാണ് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുവാൻ രംഗത്തെത്തിയത്. ഇനി മുതൽ എല്ലാം മാസവും മുടക്കം കൂടാതെ ഉൾവനങ്ങളിൽ കഴിയുന്ന 41 കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങളും എത്തിച്ചു നൽകും.ളാഹ അട്ടത്തോട് ചാലക്കയം, പ്‌ളാപ്പള്ളി, നിലയ്ക്കൽ,പമ്പ,മുട്ടുപുള്ളി തുടങ്ങിയ പ്രദേശങ്ങളിലെ ഉൾവനങ്ങളിലെ ആദിവാസി കുടിലുകളിലെത്തി സേവനങ്ങൾ നൽകിയത്.അട്ടത്തോട് വാർഡിലെ അങ്കണവാടി ടീച്ചർ പി.കെ കുഞ്ഞുമോൾ, കാഴ്ച നേത്രദാന സേന ക്യാമ്പ് കോ-ഓർഡിനേറ്റർമാരായ അനു.ടി ശാമുവേൽ, ഷിജു എം.സാംസൺ, സാമൂഹ്യ പ്രവർത്തകനായ രജിത്ത് രാജ് എന്നിവരും പങ്കെടുത്തു.