പത്തനംതിട്ട: ജില്ലയിൽ കൊവിഡ് രോഗബാധിതരായി ആശുപത്രികളിൽ കഴിയുന്ന അഞ്ച് പേരുടെ ഇന്ന് ലഭിക്കുന്ന പരിശോധനാ ഫലം നിർണായകം. കഴിഞ്ഞ ദിവസം ലഭിച്ച ഇവരുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു. ഇന്നത്തെ ഫലം കൂടി നെഗറ്റീവായാൽ രോഗമുക്തി നേടിയതായി സ്ഥിരീകരിച്ച് ഡിസ്ചാർജ് ചെയ്യും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലുളള അഞ്ചിൽ നാല് പേരുടെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കഴിയുന്ന 62കാരിയായ വീട്ടമ്മയുടെയും ഫലമാണ് ഇന്ന് നിർണായകമാകുന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കഴിയുന്ന അടൂർ സ്വദേശിയുടെ ഫലം പോസിറ്റീവായി തുടരുകയാണ്.
കോഴഞ്ചേരിയിൽ 44 ദിവസമായി ചികിത്സയിലുളള വീട്ടമ്മ സംസ്ഥാനത്ത് കൂടുതൽ ദിവസം ആശുപത്രിയിൽ കിടക്കുന്ന ആദ്യത്തെ കേസാണ്. ഇവരുടെ 21 പരിശോധനാ ഫലങ്ങളിൽ 19ഉും നെഗറ്റീവായിരുന്നു. ഏപ്രിൽ രണ്ടിന് ലഭിച്ച ഫലം നെഗറ്റീവായിരുന്നെങ്കിലും തുടർന്ന് ലഭിച്ച ഫലം പോസിറ്റീവായതിനാൽ ആശുപത്രിയിൽ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച 21ാമത്തെ ഫലം നെഗറ്റീവായതിനാലാണ് ഇന്നത്തെ ഫലം നിർണായകമാകുന്നത്.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഇന്നലെ ജില്ലയിലെത്തിയ 12പേരെ നിരീക്ഷണത്തിലാക്കി. ഇവർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണെന്ന് സൂചനയുണ്ട്. തമിഴ്നാട്ടിൽ പുതിയ കൊവിഡ് കേസുകൾ കണ്ടെത്തുന്നതിനാലാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്.