പത്തനംതിട്ട : ലോക്ക് ഡൗൺ കാലത്തായിട്ടുകൂടി പുതിയ വനിതാ സ്റ്റേഷനിൻ കേസുകൾക്ക് യാതൊരു കുറവുമില്ല. ഇതുവരെ 11 ലോക്ക് ഡൗൺ ലംഘന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരുപതോളം ഇതര പരാതികളും ലഭിച്ചിട്ടുണ്ട്. ഭാര്യ ഭർത്താക്കൻമാർ തമ്മിലുള്ള തർക്കവും അയൽവക്ക വഴക്കും അടക്കമുള്ള പരാതികൾ ഇവയിൽപ്പെടും. ചിലതൊക്കെ വീട്ടിലെത്തിയും അല്ലാത്തവ ഫോണിൽ വിളിച്ചും പരിഹരിക്കാറുണ്ട്. താഴെ വെട്ടിപ്രത്തുള്ള ജില്ലാ കളക്ടറുടെ പഴയ ഔദ്യോഗിക വസതിയിലാണ് വനിതാ പൊലീസ് സ്റ്റേഷൻ പ്രവർത്തിയ്ക്കുന്നത്. ജില്ലയിൽ തന്നെയുണ്ടായിരുന്ന 14 പേരാണ് ഇപ്പോൾ സ്റ്റേഷനിൽ ജീവനക്കാരായിട്ടുള്ളത്. സി.ഐ, മൂന്ന് എസ്.ഐ, പത്ത് സിവിൽ പൊലീസ് ഓഫീസർ എന്നിങ്ങനെയാണത്. ജില്ല മുഴുവൻ പുതിയ സ്റ്റേഷന്റെ പരിധിയിൽ ഉൾപ്പെടുന്നുണ്ട്. ഈ മാസം 14ന് ആണ് വനിതാ പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നത്.

ആകെ ജീവനക്കാർ 14

പരാതികൾ അറിയിക്കാം:
പൊലീസ് സ്റ്റേഷൻ : 04682272100,

വനിതാ പൊലീസ് ഇൻസ്‌പെക്ടർ : 9497908530

വനിതാ ഹെൽപ്പ് ലൈനിനെ പുതിയ സ്റ്റേഷനിലേക്ക് ചേർത്തിട്ടുണ്ട്. അവിടുത്തെ ടോൾഫ്രീ നമ്പർ ആയ 1091 ലേക്കും ടോൾ ഫ്രീ നമ്പറായ 112, ക്രൈം സ്റ്റോപ്പർ നമ്പറായ 1090 എന്നിവയിലേക്കും പൊതുജനങ്ങൾക്ക് വിളിച്ച് വനിതാ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സേവനം തേടാം.

" എല്ലാ പൊലീസ് സ്റ്റേഷനും പോലെയാണ് ഇവിടെയും ആളുകൾ എത്തുന്നതും പരാതി പറയുന്നതും. പിന്നെ ഇത് എവിടെയാണെന്ന് പലർക്കും പെട്ടന്ന് അറിയില്ല. ലോക്ക് ഡൗൺ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അല്ലാത്ത ചില പരാതികൾ ഉണ്ടാകുന്നുണ്ട്. അതൊക്കെ പരിഹരിക്കുന്നുമുണ്ട്. "

ലീലാമ്മ

വനിതാ പൊലീസ് ഇൻസ്പെക്ടർ