കടമ്പനാട് : ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി ലോക്ക്ഡൗണിൽ ലഹരിയ്ക്കെതിരെയുള്ള ബോധവൽക്കരണ ഹ്രസ്വചിത്രവുമായി മണ്ണടിയിൽ നിന്നും മൂന്ന് യുവാക്കൾ. സുഹൃത്തുക്കളായ മണ്ണടി അമ്മശേരിൽ മിഥുൻബാബു,രാഹുൽ നിവാസിൽ അനന്തകൃഷ്ണൻ, പത്മവിലാസത്തിൽ ജയപ്രകാശ് എന്നിവർ ചേർന്നാണ് വിമുക്തി എന്നപേരിൽ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. മദ്യവിൽപ്പനശാലകൾ അടച്ചപ്പോൾ നിലയ്ക്കാത്ത മദ്യാസക്തിയുടെ പേരിൽ അസ്വസ്ഥരായ യുവാക്കളുടെ മാനസിക സംഘർഷമാണ് വിമുക്തി എന്ന ഹ്രസ്വചിത്രത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. ലോക്ക്ഡൗൺ മൂലം ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും അടച്ചപ്പോൾ മദ്യം കിട്ടാതായ യുവാക്കൾ അടക്കമുള്ള മദ്യപന്മാർ ആത്മഹത്യ ചെയ്യുന്നത് നിത്യസംഭവമായതോടെയാണ് ഹ്രസ്വചിത്രത്തിലൂടെ യുവതലമുറയെ ലഹരിക്കെതിരെ ചിന്തിപ്പിക്കാനും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനും ഇങ്ങനെയൊരു ചിത്രം ഒരുക്കിയാലോ എന്ന് ചിന്തിക്കുന്നത് .ആശയം ഏനാത്ത് സി.ഐ ജയകുമാറുയി പങ്കുവെച്ചു. മൂന്ന് പേരും ചേർന്നാണ് തിരക്കഥയൊരുക്കിയത് . വിമുക്തിയിലൂടെ ഒരാളെങ്കിലും മാറിചിന്തിച്ചാൽ തങ്ങൾ സന്തുഷ്ടരായെന്ന് സംവിധായകൻ മിഥുൻബാബു പറഞ്ഞു.