പത്തനംതിട്ട: കൊവിഡിനെ തുരത്താൻ പൂട്ടിയിട്ട നാട് തുറക്കുമ്പോൾ മാർക്കറ്റിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് കർഷകർ. ലോക് ഡൗൺ തീരുന്ന സമയത്ത് അന്യ സംസ്ഥാന തൊഴിലാളികൾ നാടുകളിലേക്ക് പോയാൽ പല കാർഷിക പ്രവർത്തികളെയും ബാധിക്കുമെന്നും ആശങ്കയുണ്ട്.
@ റബർ മേഖലയിൽ മഴ മറയിട്ട് ടാപ്പിംഗ് നടത്തേണ്ട സമയമാണ്. മുൻപ് സംഭരിച്ചു വച്ച റബർ വിറ്റഴിക്കാതെയിരിക്കുന്നു. മാർക്കറ്റ് തുറന്നാൽ വിലയെങ്ങനെയാകുമെന്ന് ഉൗഹമില്ല. വില കൂപ്പുകുത്തിയാൽ ഇനിയുളള ടാപ്പിംഗിനെയും ബാധിക്കും. റബർ ബോർഡിന്റെ ആർ.പി.എസുകളുടെയും നിയന്ത്രണത്തിലുളള ചില വ്യാപാരികൾ പരിമിതമായി ഷീറ്റുകൾ ശേഖരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചെറുകിട വ്യാപാരികൾ തുറന്നാലേ ഗ്രാമങ്ങളിലെ കർഷകർക്ക് നടുനിവർത്താൻ കഴയൂ.
@ പൈനാപ്പിളിന് വേനൽക്കാലത്ത് വിളവും മികച്ച വിലയും കിട്ടേണ്ട സമയം. വടക്കേ ഇന്ത്യയിലേക്കാണ് കയറ്റുമതി നടക്കേണ്ടിയിരുന്നത്. ബാങ്ക് ലോണുകളെടുത്ത് കൃഷി തുടങ്ങിയ കർഷകർ വിളവെടുത്തപ്പോൾ വിപണിയില്ല. ലോക്ക് ഡൗണിൽ നിന്ന് ഇളവുകൾ ലഭിച്ചാൽ കയറ്റുമതിക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
@ വെറ്റില കർഷകരും ലോക്ഡൗൺ ഇളവ് പ്രതീക്ഷിച്ച് കാത്തിരിപ്പിലാണ്. വെറ്റിലകൾ നശിച്ചു പോകാതിരിക്കാൻ വിപണി തുറക്കാൻ സർക്കാർ അനുവദിച്ചെങ്കിലും കയറ്റുമതി പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല. ഇറാൻ, പാക്കിസ്ഥാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്ന് കയറ്റി അയച്ചിരുന്നതാണ്. ചെറുകിട വ്യാപാരികൾ കുറഞ്ഞ വിലയ്ക്കാണ് വെറ്റില ശേഖരിക്കുന്നത്.
@ പപ്പായ നെടുമ്പാശേരി വഴി വിദേശത്ത് കയറ്റി അയക്കേണ്ട സമയത്താണ് ലോക്ക് ഡൗൺ. പാലക്കാട്, തൃശൂർ മേഖലയിലാണ് വിവിധയിനം പപ്പായ കൃഷി ചെയ്യുന്നത്.
@ പച്ചക്കറികൾ ഹോർട്ടികോർപ്പും വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രൊമോഷൻ കൗൺസിലും ഏറ്റെടുക്കുന്നതിനാൽ കർഷകർക്ക് ചെറിയ തോതിൽ ആശ്വാസമുണ്ട്.
@ ചരക്ക് ഗതാഗതം സുഗമമാകാത്തതിനാൽ കാരറ്റ്, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ വരവ് തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും കുറഞ്ഞു.
@ നെൽപ്പാടങ്ങളിൽ കൊയ്ത്ത് നടന്നതിനാൽ കർഷകർ വലിയ പ്രതിസന്ധി നേരിട്ടില്ല.
>> നഷ്ടം വിലയിരുത്തിയിട്ടില്ല
ലോക്ക് ഡൗൺ കാലയളവിൽ വിപണി തുറക്കാത്തതു മൂലം കർഷകർക്കുണ്ടായ നഷ്ടം സർക്കാർ വിലയിരുത്തിയിട്ടില്ല.
'' കർഷകർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. നഷ്ടം എത്രയെന്നതിനേക്കാൾ ഇനി എങ്ങനെ മുന്നോട്ടു പോകാമെന്നാണ് ചിന്തിക്കേണ്ടത്. ലോക്ക് ഡൗൺ കഴിഞ്ഞാൽ പല മേഖലകളിലും താെഴിലാളികളെ കിട്ടാതെ വരും. നാണ്യവിളകളെയാകും ഇത് കൂടുതൽ ബാധിക്കുക.
ഡോ. ഇന്ദിരാ ദേവി, കാർഷിക സർവകലശാല ഡയറക്ടർ.